Connect with us

Kids Health

കുട്ടികളിലെ അമിതവണ്ണം ഒഴിവാക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

Published

on

നിലവിലെ ജീവിതരീതി തുടരുകയാണെങ്കില്‍ 2045 ഓടെ ലോകമെമ്പാടുമുള്ള 22 ശതമാനം ആളുകള്‍ അമിത വണ്ണമുള്ളവരാകും എന്ന് സമീപകാല പഠനം ചൂണ്ടിക്കാട്ടിയിരുന്നു. യു എസില്‍ കുട്ടികള്‍ക്കിടയിലെ അമിത വണ്ണമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും 5-19 വയസ് പ്രായമുള്ള 18 ശതമാനം കുട്ടികളും കൗമാരക്കാരും അമിതവണ്ണമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് രണ്ട് വര്‍ഷം മുമ്പിറങ്ങിയ ലോകാരോഗ്യ സംഘടനയുടെ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. നമ്മുടെ നാട്ടില്‍ ഇതിനെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും സാഹചര്യം ഒട്ടും വ്യത്യസ്തമല്ല. മക്കളുടെ ചെറുപ്രായത്തിലെ അമിതവണ്ണം തെല്ലൊന്നുമല്ല മാതാപിതാക്കളെ അലട്ടുന്നത്.

മാതാപിതാക്കള്‍ ആരോഗ്യമുള്ള ജീവിത ശൈലി പിന്തുടരണം

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, അമിത വണ്ണമുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളും ഗര്‍ഭകാലത്ത് അസന്തുലിതമായ ഭക്ഷണം കഴിക്കുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളും അമിതവണ്ണത്തിന് സാധ്യതയുള്ളതാകാം. കുട്ടി ജനിക്കുന്നതിന് മുമ്പ് ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നത് പിന്നീട് അമിതവണ്ണം ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.

പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക

കുട്ടി വളര്‍ന്ന് തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം. മൂന്ന് വയസ്സ് തികയുന്നതിന് മുമ്പ് ഫ്രൂട്ട് പ്യൂറികള്‍, ഡയറി സ്നാക്കുകള്‍, ഇടയ്ക്കിടെയുള്ള നല്‍കുന്ന കുക്കികള്‍ എന്നിവ പരിമിതപ്പെടുത്താന്‍ ശ്രമിക്കണം. വന്‍തോതില്‍ സംസ്‌കരിച്ച വ്യാവസായിക ഭക്ഷണങ്ങളായ പേസ്ട്രികള്‍, ചോക്കലേറ്റുകള്‍, ബ്രെഡുകള്‍, പിസ്സകള്‍, പഴച്ചാറുകള്‍, ജാം, സ്പ്രെഡുകള്‍ എന്നിവ ഈ സമയം ഒഴിവാക്കാന്‍ ശ്രമിക്കണം. പ്രത്യേകിച്ച് ഫ്രക്ടോസ് അല്ലെങ്കില്‍ ഗ്ലൂക്കോസ് സിറപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍.

അഞ്ച് വയസ്സിന് മുമ്പ് അമിത ഭാരം ഉണ്ടാവുന്ന കുട്ടികളില്‍ ഹൃദയ സംബന്ധമായ അപകടസാധ്യത വര്‍ദ്ധിക്കുന്നതിനൊപ്പം ഇവരുടെ അമിത വണ്ണം കൗമാരത്തിലും പ്രായപൂര്‍ത്തിയായാലും അത് പോലെ നിലനില്‍ക്കും. മാതാപിതാക്കള്‍ സ്വയം വ്യായാമം ചെയ്യുകയും സ്‌ക്രീനിന് മുന്നില്‍ കുറച്ച് സമയം ചെലവഴിക്കുകയും ചെയ്ത് കുട്ടികള്‍ക്ക് ഒരു നല്ല മാതൃക കാണിക്കുകയും വേണം. ഇതിലൂടെ അവര്‍ സമയം ചെലവിടാന്‍ ആരോഗ്യകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ അവരെ പ്രാപ്തരാക്കുകയും വേണം.

ഉറക്കം പ്രധാനം

ഭക്ഷണക്രമവും വ്യായാമവും മാത്രമല്ല അമിതവണ്ണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍. ഉറക്കക്കുറവ് കുട്ടികളുടെ ഭാരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്ലീപ്പ് ജേണല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, 18 വയസ്സിന് താഴെയുള്ളവര്‍ തങ്ങള്‍ക്കാവശ്യമുള്ളതിലും കുറവ് ഉറങ്ങുന്നതായും ഇത് അമിതഭാരം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും കാണിക്കുന്നു. 13 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെയും മൂന്ന് മുതല്‍ അഞ്ച് വരെ പ്രായമുള്ള കുട്ടികള്‍ പ്രതിദിനം 10 മുതല്‍ 13 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്.

കുട്ടികളെ മെഡിറ്റേഷന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുക മാത്രമല്ല, മെഡിറ്റഷന്‍, ഹിപ്നോസിസ് എന്നിവ ഭക്ഷണത്തോടുള്ള അമിത ആസക്തികളുടെ ചികിത്സയ്ക്കും ഫലപ്രദമാണ്, പ്രത്യേകിച്ച് ചെറിയ കുട്ടികളില്‍.

 

Kids Health

Vegetarian kids |സസ്യാഹാരികളായ കുട്ടികളില്‍ പോഷകാഹാരക്കുറവിനാലുള്ള ഭാരക്കുറവിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

Published

on

സസ്യാഹാരം കഴിക്കുന്ന കുട്ടികള്‍ക്ക് അവരുടെ മാംസാഹാരം കഴിക്കുന്ന സമപ്രായക്കാരെപ്പോലെ പോഷണവും വളര്‍ച്ചയും സമാനമായ അളവിലുണ്ടാകാമെങ്കിലും ഭാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമെന്ന് പഠനം. പീഡിയാട്രിക്‌സ് ജേണലില്‍ മെയ് രണ്ടിന് പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സെന്റ് മൈക്കല്‍സ് ഹോസ്പിറ്റല്‍ ഓഫ് യൂണിറ്റി ഹെല്‍ത്ത് ടൊറന്റോയിലെ ഒരു സംഘം ഗവേഷകര്‍ ആറ് മാസത്തിനും എട്ട് വയസിനും ഇടയില്‍ പ്രായമുള്ള 9,000 കുട്ടികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അവരുടെ ഭക്ഷണക്രമം ,അവരുടെ ഉയരം, ഭാരം, പോഷകാഹാരം എന്നിവയുമായി താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. .

സസ്യാഹാര ഭക്ഷണരീതികള്‍ പിന്തുടര്‍ന്ന 338 കുട്ടികള്‍ക്കും മാംസാഹാരം കഴിക്കുന്ന ഇത്രയും കുട്ടികള്‍ക്കും സമാനമായ ഉയരവും വളര്‍ച്ചയുടെ അടയാളങ്ങളുമുണ്ടെന്ന് അവര്‍ കണ്ടെത്തി. ഗവേഷകരുടെ അനുമാനത്തിന് വിരുദ്ധമായി, മാംസാഹാരം കഴിക്കുന്നവരെപ്പോലെ തന്നെ സസ്യാഹാരികള്‍ക്കും ഇരുമ്പ്, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ ലഭിച്ചതായി കണ്ടെത്തി. ഇത് സസ്യാഹാരികളായ കുട്ടികള്‍ക്ക് മാംസം കഴിക്കാതെ തന്നെ ഭക്ഷണത്തില്‍ ആവശ്യത്തിന് പോഷണം ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, ബോഡി മാസ് ഇന്‍ഡക്സ് അല്ലെങ്കില്‍ ഭാരത്തിന്റെയും ഉയരത്തിന്റെയും അനുപാതത്തെ അടിസ്ഥാനമാക്കി, സസ്യാഹാരികളായ കുട്ടികള്‍ മാംസാഹാരം കഴിക്കുന്നവരേക്കാള്‍ ഏകദേശം ഇരട്ടി ഭാരക്കുറവുള്ളവരായിരുന്നു.ഭാരക്കുറവ് പോഷകാഹാരക്കുറവിന്റെ ഉയര്‍ന്ന അപകടസാധ്യതയെ സൂചിപ്പിക്കാം. അല്ലെങ്കില്‍ ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യമായ കലോറികളുടെയും പോഷകങ്ങളുടെയും അഭാവം എന്നിവയെ കാണിക്കുന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. കാരണം , ശാരീരിക പ്രവര്‍ത്തനങ്ങളും പ്രത്യേക ഭക്ഷണങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് ജീവിതശൈലി ഈ അനുമാനങ്ങളെ ശരിവെക്കണമെന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

സസ്യാഹാരികളായ കുട്ടികള്‍ക്ക് ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സൂക്ഷ്മമായ ആസൂത്രണം പ്രധാനമാണെന്ന് പഠന സംഘത്തിലെ പ്രധാനിയും സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റല്‍ ഓഫ് യൂണിറ്റി ഹെല്‍ത്ത് ടൊറന്റോയിലെ ശിശുരോഗവിദഗ്ധനുമായ ഡോ. ജോനാഥന്‍ മാഗ്വയര്‍ അഭിപ്രായപ്പെടുന്നു.പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍, ധാന്യങ്ങള്‍, കുറഞ്ഞ പൂരിത കൊഴുപ്പ് എന്നിവ കാരണം സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികള്‍ ആരോഗ്യകരമായ ഭക്ഷണരീതിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും മാഗ്വെയര്‍ പറഞ്ഞു.

ഈ പഠനത്തിന്റെ ഒരു പ്രധാന പരിമിതി, അത് മാംസാഹാരത്തെ ഒഴിവാക്കിയുള്ളതാണ് എന്നതിന് അപ്പുറം സസ്യാഹാരത്തിന്റെ ഗുണനിലവാരം വിലയിരുത്തിയിട്ടില്ല എന്നതാണ്.പച്ചക്കറികള്‍, ധാന്യങ്ങള്‍, ബീന്‍സ്, പരിപ്പ്, പഴങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം മികച്ചതായി കണക്കാക്കുന്നു. എന്നാല്‍ ഏറെ പ്രോസസ്സ് ചെയ്ത പല ഭക്ഷണങ്ങളും വെജിറ്റേറിയന്‍ ആണ്. ഉദാഹരണത്തിന് പഞ്ചസാര, ഉപ്പ്, പ്രിസര്‍വേറ്റീവുകള്‍ എന്നിവയുടെ ഉയര്‍ അളവിലുള്ള ഉപയോഗം അത്ര ആരോഗ്യദായകമല്ല

2021ല്‍ നടത്തിയ ഒരു പഠനത്തില്‍ സംസ്‌കരിച്ച സസ്യാഹാരങ്ങള്‍ കഴിക്കുന്നത് കുട്ടികളില്‍ കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് വര്‍ദ്ധിപ്പിച്ചതായി കണ്ടെത്തി.സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം ആരോഗ്യദായകമെന്ന് എപ്പോഴും പറയാനാകില്ലെന്നും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.മാംസം, പാലുല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍ തുടങ്ങിയ മറ്റ് മൃഗ ഉല്‍പന്നങ്ങളും ഒഴിവാക്കുന്ന സസ്യാഹാര ഭക്ഷണരീതികളെക്കുറിച്ചും കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

2021-ലെ അതേ പഠനം സൂചിപ്പിക്കുന്നത്, സസ്യാഹാരം കഴിക്കുന്ന കുട്ടികള്‍ക്ക് കാല്‍സ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ ധാതുക്കളുടെയും വിറ്റാമിനുകളുടെയും കുറവുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇത് അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നിരുന്നാലും, സസ്യാഹാരം കുട്ടികള്‍ക്ക് ആരോഗ്യകരമായ കൊളസ്ട്രോളും ഹൃദയാരോഗ്യത്തിന്റെ മറ്റ് നല്ല ലക്ഷണങ്ങളും കാണിക്കുന്നതായി പഠനം പറയുന്നു

Continue Reading

Kids Health

അമിതഭാരമുള്ള കുട്ടികളില്‍ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം

Published

on

കുട്ടികളിലെ അമിതവണ്ണം ഇന്ന് ഒരു പ്രധാന പ്രശ്‌നമാണ്. അമിത വണ്ണവും ഭാരവും കുട്ടികളില്‍ മാനസിക സമ്മര്‍ദവും ആത്മവിശ്വാസക്കുറവും വിഷാദാവസ്ഥയും ഉണ്ടാക്കാറുണ്ട്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും ജ്യൂസും പ്രൊസെസ്സഡ് ഫുഡും ധാരാളം കഴിക്കുന്നതും കുട്ടികളില്‍ അമിത വണ്ണത്തിന് ഇടയാക്കാറുണ്ട്. എന്നാല്‍ കൊവിഡ് രോഗബാധയും ലോക് ഡൗണുകളും കുട്ടികളെ വീടുകളില്‍ മാത്രം ഒതുങ്ങിക്കഴിയുവാന്‍ ഇടയാക്കിയതോടെ കുട്ടികളില്‍ അമിതഭാരമുണ്ടാകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പുതുതായി നടത്തിയ ഒരു പഠനം അനുസരിച്ച് അമിതഭാരം കുട്ടികളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.പീഡിയാട്രിക് ഒബീസിറ്റി ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. 600 ലധികം കുട്ടികളിലെയും കൗമാരക്കാരിലെയും യുവാക്കളിലെയും വയറിലെ വിസറല്‍ കൊഴുപ്പിന്റെ അളവും ധമനികളിലെ കാഠിന്യവുമാണ് പഠനത്തില്‍ പരിശോധിക്കപ്പെട്ടത്. അടിവയത്തില്‍ കാണപ്പെടുന്ന കൊഴുപ്പാണ് വിസറല്‍ ഫാറ്റ്. ധമനികളുടെ കാഠിന്യം കൂടുന്നത് ഹൃദയം രക്തം പമ്പ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും.

അമിതഭാരമുള്ള കുട്ടികളില്‍ വിസറല്‍ ഫാറ്റും, ധമനികളുടെ കാഠിന്യവും കൂടുതലാണെന്ന് പഠനം കണ്ടെത്തി. ഇത്തരത്തിലുള്ള കുട്ടികളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാര്‍ഡിയോ വസ്‌ക്യൂലര്‍ സിസ്റ്റത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഹൃദ്രോഗങ്ങളിലേക്കും, ഹൃദയാഘാതത്തിലേക്കും നയിക്കുമെന്നുമാണ് വിദഗ്ധ പക്ഷം.

കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ചുറ്റുമാണ് ഇന്ന് ഭൂരിഭാഗം കുട്ടികളും. കായിക അധ്വാനം വേണ്ട ഒരു തരത്തിലുമുള്ള കളികളിലും കുട്ടികള്‍ ഏര്‍പ്പെടാത്തതും ഭക്ഷണ രീതിയുമാണ് കുട്ടികളിലെ അമിത വണ്ണത്തിന് കാരണമെന്ന് ഓര്‍ക്കണം. കുട്ടികളെ ഊര്‍ജസ്വലരാക്കി വളര്‍ത്താന്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. അതിനായി ചിലകാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും.

#കൃഷി, ചെടികള്‍ നട്ടു പിടിപ്പിക്കല്‍ കാര്‍ കഴുകല്‍ ഷൂ പോളിഷിംഗ് തുടങ്ങിയവയില്‍ അവരുടെ സഹായം തേടാം

#കുടുംബത്തോടൊപ്പമുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍ എന്നിവ കുടുംബത്തിനുള്ളിലെ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ കൂടി കാരണമാവുകയും നല്ല ഒരു കുടുംബ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്യും.

#കരാട്ടെ കുങ്ഫു, കിക്ക് ബോക്സിങ് ജൂഡോ തുടങ്ങിയ ആയോധന കലകള്‍ പരിശീലിപ്പിക്കുന്ന ക്ലാസുകളില്‍ ചേര്‍ക്കുക

#ഡാന്‍സ് ക്ലാസ്സുകളില്‍ ചേര്‍ക്കാം

#ഫുട്ബോള്‍ , നീന്തല്‍ , സൈക്ലിംഗ് തുടങ്ങിയവയ്ക്കായുള്ള ക്ലബ്ബുകള്‍, ക്ലാസ്സുകള്‍ എന്നിവയില്‍ വിടാം

#പാര്‍ക്കുകള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങളെന്നിവ ഉപയോഗപ്പെടുത്താം

കൂട്ടുകരോടൊത്തുള്ള പലതരം കളികള്‍, വ്യായാമം ചെയ്യുമ്പോഴുള്ള മടുപ്പ് കുറക്കാന്‍ സഹായിക്കും . കുട്ടികളെ വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുകയും, അവരെ അഭിനന്ദിച്ചും നിരന്തരമായ പ്രചോദനം നല്‍കിയും കൂടുതല്‍ ഊര്‍ജസ്വലരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.

 

Continue Reading
Advertisement

Trending

Copyright © 2022 FitnessGuruOnline.