Connect with us

Yoga

മധുരപലഹാരങ്ങള്‍ അമിതമായോ? യോഗയില്‍ പരിഹാരമുണ്ട്

Published

on

ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും വളരെ ഫലപ്രദമാണ് യോഗാസനങ്ങള്‍ എന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. മനസ്സ് ശാന്തമായി നിലനിര്‍ത്താനും ശരീരം എപ്പോഴും പ്രസാദാത്മകമായി നിലനിര്‍ത്താനും യോഗാസനങ്ങള്‍ പ്രാപ്തരാക്കുന്നു. ആരോഗ്യത്തോടെ ഇരിക്കാന്‍ ഏതറ്റംവരേയും പോകാന്‍ തയ്യാറാവുന്ന നാം പക്ഷേ ചില അവസരങ്ങളിലെങ്കിലും നിയന്ത്രണങ്ങളില്‍ നിന്ന് വിട്ട് പോകാറുണ്ട്. മധുര പലഹാരങ്ങളോ, വറുത്തതും പൊരിച്ചതുമായ ഭക്ഷണ വിഭവങ്ങള്‍ കാണുമ്പോഴോ ഒക്കെയാവും മിക്കവാറും നാം ഈ നിയന്ത്രണങ്ങളെ മറന്ന് കളയുക. എന്നാല്‍, ഇത്തരം അമിത ഭക്ഷണങ്ങളുടെ ഉപയോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ചെയ്യാവുന്ന യോഗാസനങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഉഷ്ട്രാസനം
ഉഷ്ട്രമെന്നാല്‍ ഒട്ടകം എന്നാണ് സംസ്‌കൃതത്തില്‍ അര്‍ഥം. വജ്രാസനത്തിലിരുന്ന ശേഷം തള്ളവിരല്‍ പുറകിലാക്കി രണ്ടു കൈകൊണ്ടും അരക്കെട്ടില്‍ പിടിക്കുക. തുടര്‍ന്ന് ശ്വാസം എടുത്തുകൊണ്ട് പുറകിലേക്ക് വളയുക. ഒരോ കൈകൊണ്ടും അതതു വശത്തെ ഉപ്പൂറ്റിയില്‍ പിടിക്കുക. തല പുറകിലേക്ക് തൂക്കിയിടുക. വയര്‍ഭാഗം പറ്റാവുന്നത്ര മുന്‍പിലേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാകണം ഇങ്ങനെ ചെയ്യേണ്ടത്. അല്പ നേരം ആ സ്ഥിതിയില്‍ തുടര്‍ന്ന ശേഷം ശ്വാസം വിട്ടുകൊണ്ട് മുട്ടില്‍ നിന്ന്് ശേഷം വജ്രാസനത്തിലേക്ക് തിരിച്ചു വരിക. ഈ ആസനം ദഹനം കൂട്ടാനും ഗ്രന്ധികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും പിന്‍ ഭാഗം ശക്തിപ്പെടുത്താനും നട്ടെല്ലിന് വഴക്കം കിട്ടാനും സഹായിക്കുന്നു.

സേതുബന്ധനാസനം
കാലുകള്‍ മുന്നോട്ട് നീട്ടി തറയില്‍ മലര്‍ന്ന് കിടക്കുക. അതിനു ശേഷം കാല്‍പ്പാദങ്ങള്‍ തറയില്‍ ഉറപ്പിച്ച് കാല്‍ മടക്കുക. ശേഷം കൈപ്പത്തികള്‍ തറക്കയ് അഭിമുഖമായി വരുന്ന വിധത്തില്‍ കൈകള്‍ ശരീരത്തിനിരുവശവും വയ്ക്കുക. പിന്നീട് കൈകളും കാലും അതേ സ്ഥിതിയില്‍ തുടരുക. അര ഭാഗം മാത്രം തറയില്‍ നിന്നും ഉയര്‍ത്തുക. കൈകള്‍ തലക്കയ് മുകളില്‍ ഉയര്‍ത്തുന്നത് വരെ ഈ അവസ്ഥ തുടരുക. അല്പ സമയത്തിന് ശേഷം ഈ ആസനത്തില്‍ മാറ്റം വരുത്താം. കാലുകളില്‍ ഒന്ന് വായുവില്‍ ഉയര്‍ത്തുക. അല്പസമയം ഈ അവസ്ഥയില്‍ തുടരാം. മറ്റേ കാലുകൊണ്ടും ഇതാവര്‍ത്തിക്കുക. നട്ടെല്ലിന്റേയും നെഞ്ചിലേയും കഴുത്തിലേയും പേശികള്‍ക്ക് ഈ ആസനം ചെയ്യുക വഴി ബലം ലഭിക്കുന്നു. ദഹനം വര്‍ധിപ്പിക്കുക വഴി വിഷാംശം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളെ ഇത് പുറം തള്ളുന്നു.

പശ്ചിമോത്താനാസനം
കാലുകള്‍ ചേര്‍ത്ത്, നീട്ടിയിരിക്കുക. ശേഷം ശ്വാസം എടുത്തുകൊണ്ട് കൈകള്‍ രണ്ടും ചെവിയോട് ചേര്‍ത്ത് നിവര്‍ത്തി പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് ശരീരം വളച്ച് കൈകള്‍കൊണ്ട് കാലിന്റെ പെരുവിരലിലോ കണങ്കാലിലോ പിടിക്കുക. നെറ്റി മുട്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുക. അല്പ സമയത്തിനു ശേഷം ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരാം. അരക്കെട്ടിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും മലബന്ധം, വിശപ്പില്ലായ്മ, ദഹനക്കുറവ്, കരള്‍ രോഗങ്ങള്‍ എന്നിവ ഭേദമാവുന്നതിനും ഈ ആസനം ചെയ്യാവുന്നതാണ്.

പവനമുക്താസനം
കാറ്റിനെ മുക്തമാക്കുക എന്നാണ് പവനമുക്താസനത്തിന്റെ അര്‍ഥം. ശരീരത്തിലെ ദുഷിച്ച വായുവിനെ പുറന്തള്ളാനാണ് ഈ ആസനം സഹായിക്കുന്നത്. മലര്‍ന്നുകിടക്കുക തുടര്‍ന്ന് ശ്വാസമെടുത്തുകൊണ്ട് വലതുകാല് മടക്കി ഉയര്‍ത്തുക. രണ്ടു കൈകൊണ്ട് നെഞ്ചോട് ചേര്‍ക്കുക. താടി മുട്ടിനു മുട്ടിക്കുക. മറ്റേക്കാല് നിലത്ത് നിവര്‍ന്നു പതിഞ്ഞിരിക്കും. ശ്വാസമെടുത്തുകൊണ്ട് തിരിച്ചുവരിക. ഇതേ പ്രവര്‍ത്തനം ഇടതുകാലില് ചെയ്യുക.

ത്രികോണാസനം
ഇരു കാലും അകത്തിവച്ചു നട്ടെല്ലു നിവര്‍ന്നു നില്‍ക്കുക. അതോടൊപ്പം കൈ രണ്ടും ശരീരത്തിന് ഇരുവശത്തേക്കും നീട്ടി തറയ്ക്കു സമാന്തരമായി കമഴ്ത്തിപ്പിടിക്കുക. ഈ നിലയില്‍ ദീര്‍ഘമായി ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ടു ശരീരം മുഴുവനായും വലതു വശത്തേക്കു തിരിക്കുകയും ചെയ്യുക. ശ്വാസമെടുത്തുകൊണ്ടു നിവര്‍ന്നു വരികയും വീണ്ടും ശ്വാസം വിട്ടുകൊണ്ട് ഇടതുവശത്തേക്കു തിരിക്കുകയും ചെയ്യുക.

യോഗ ചെയ്യുന്നതിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഒരു പരിചയ സമ്പന്നനായ യോഗ ഗുരുവിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നേടുക എന്നതാണ്

 

Continue Reading

Yoga

മാനസികാരോഗ്യത്തിനായി യോഗ ജീവിതചര്യയാക്കാം

Published

on

സമീപ കാലങ്ങളില്‍ ആഗോളതലത്തില്‍ തന്നെ വിവിധ തരത്തിലുള്ള മാനസികരോഗങ്ങള്‍ വലിയ ആരോഗ്യ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലികള്‍, മോശം ഭക്ഷണശീലങ്ങള്‍, ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന ഘടകങ്ങള്‍ക്ക് കാരണമാകുന്നത്. ഉത്കണ്ഠയും വിഷാദവും ചികിത്സിക്കുന്നതില്‍ സൈക്കോട്ടിക് മരുന്നുകള്‍ ഫലപ്രദമാണെങ്കിലും മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം പലപ്പോഴും അവ ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.ഇക്കാരങ്ങളാല്‍ പലപ്പോഴും മരുന്നുകള്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പരിഹാരമാകുന്നില്ല.

മോശം മാനസികാരോഗ്യത്താല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ പ്രാചീന ഇന്ത്യന്‍ യോഗാ സമ്പ്രദായം സ്വീകരിക്കുന്നതിലൂടെ സമ്പന്നവും ദീര്‍ഘകാലവുമായ നേട്ടങ്ങള്‍ കൊയ്യാനാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. നല്ല മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ യോഗ സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ഉത്തേജിപ്പിക്കുകയും വൈകാരിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കുകയും ചെയ്യുന്നു. വിഷാദരോഗം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്/ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നിവയില്‍ യോഗയ്ക്ക് നല്ല സ്വാധീനം ചെലുത്തുമെന്നതിന് വര്‍ദ്ധിച്ചുവരുന്ന തെളിവുകള്‍ ഉണ്ട്. യോഗ ദൈനംദിന പരിശീലനമായി സ്വീകരിക്കുമ്പോള്‍, മനസ്സിനെ ശാന്തമാക്കാനും മാനസികരോഗങ്ങളുടെ വികസനം തടയാനും സഹായിക്കും

പല ജീവിതശൈലി രോഗങ്ങളുടെയും മൂലകാരണം സമ്മര്‍ദ്ദമാണ്. ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് വ്യായാമവും വിശ്രമവും എന്ന ശാസ്ത്രീയ സമീപനമാണ് യോഗ സ്വീകരിക്കുന്നത്. നേരിയ ഓര്‍മ വൈകല്യമുള്ള പ്രായമായ ആളുകളില്‍ മെമ്മറി, ഉറക്കം, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനും യോഗ സംഭാവന ചെയ്യുന്നു

അതേ സമയം ഒരു യോഗ വിദഗ്ധന്റെ മേല്‍നോട്ടത്തിലായിരിക്കണം യോഗ പരിശീലനങ്ങള്‍ പഠിക്കേണ്ടതാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. യോഗ ആത്യന്തികമായി ജീവിതത്തോട് ശാന്തമായ സമീപനം സ്വീകരിക്കുന്നതിലേക്ക് നയിക്കുന്നു

 

Continue Reading
Advertisement

Trending

Copyright © 2022 FitnessGuruOnline.