Fitness Tips

കാര്‍ഡിയോ , സ്‌ട്രെങ്തനിങ് വര്‍ക്കൗട്ടുകള്‍ ചെയ്യേണ്ട ശരിയായ സമയം അറിയാം

Published

on

Photo: Google

ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ ഒരാള്‍  എല്ലാ ദിവസവും 30 മുതല്‍ 40 മിനിറ്റ് വരെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്. വ്യായാമ ദിനചര്യയില്‍ കാര്‍ഡിയോ , ഭാരപരിശീലന വ്യായാമങ്ങള്‍ അടങ്ങിയിരിക്കണം. കാര്‍ഡിയോ വ്യായാമങ്ങള്‍ നിങ്ങളുടെ ഹൃദയ പേശികളെ ബലപ്പെടുത്തുകയും രക്തസമ്മര്‍ദം സാധാരണ നിലയിലാക്കുകയും ചെയ്യും. എന്നാല്‍ ഭാരപരിശീലന വ്യായാമങ്ങള്‍ അഥവാ സ്‌ട്രെങ്തനിങ് വ്യായാമങ്ങള്‍ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് പുറമെ മാംസ പേശികളേയും പുഷ്ടിപ്പെടുത്തും. എന്നാല്‍ ഈ രണ്ട് വ്യായാമങ്ങളും ചെയ്യേണ്ടുന്ന സമയമേതെന്ന് സംബന്ധിച്ച് ഇപ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഫിറ്റ്‌നസ് മേഖലയിലുള്ളത്. അതേ സമയം  രാവിലെ കാര്‍ഡിയോ വ്യായാമങ്ങളും   വൈകുന്നേരം സ്‌ട്രെങ്തനിങ് വ്യായാമങ്ങളും ചെയ്യുന്നത്  ശാരീരികക്ഷമത ലക്ഷ്യം വേഗത്തില്‍ നേടാന്‍ സഹായിക്കുമെന്ന വാദത്തിനാണ് മേല്‍കൈ.
അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.

പ്രഭാതം കാര്‍ഡിയോ വ്യായാമങ്ങളോടെ

ഭാരം ഉയര്‍ത്തിക്കൊണ്ട് ചെയ്യുന്ന സ്‌ട്രെങ്തനിങ് വ്യായാമം പോലുള്ള കഠിനമായ വ്യായാമങ്ങളേക്കാള്‍ രാവിലെ കാര്‍ഡിയോ വ്യായാമങ്ങളാണ് ശരീരത്തിന് നല്ലത്.  നമ്മുടെ ശരീരത്തിലെ  ആന്തരിക ബോഡി ക്ലോക്ക് പ്രവര്‍ത്തിക്കുന്ന രീതിയാണിത്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ വിശ്രമിച്ചതിന് ശേഷം നിങ്ങള്‍ രാവിലെ ഉണരുമ്പോള്‍ സ്‌ട്രെങ്തനിങ് എക്‌സൈസുകള്‍ ചെയ്യുന്ന്തിന് പകരം കാര്‍ഡിയോ എക്‌സൈസുകള്‍ ചെയ്യുന്നതാണ് നല്ലത്.  ദീര്‍ഘനേരത്തെ വിശ്രമത്തിന് ശേഷം ഉണരുന്ന ഒരാളുടെ ശരീരം കടുത്ത വ്യായാമ പരിശീലനത്തിന് സജ്ജമായിരിക്കില്ല എന്നതാണ് ഒരു കാരണം. ഇതിന് പുറമെ രാവിലെ ചെയ്യുന്ന കടുത്ത വ്യായാമങ്ങള്‍ മസിലുകള്‍ക്ക് പരുക്കേല്‍ക്കുവാനുമുള്ള സാധ്യത വര്‍ധിപ്പിക്കും. രാവിലെ ചെയ്യുന്ന  കാര്‍ഡിയോ തല്‍ക്ഷണം നിങ്ങളെ ഊര്‍ജസ്വലരാക്കുകയും  നിങ്ങളുടെ ദിവസത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും

 

സാധാരണഗതിയില്‍ ഒരാളുടെ ശരീര താപം വൈകുന്നേരത്തോടെ സാധാരണ നിലയിലാകുമെന്നതിനാല്‍ വെയ്റ്റ് ട്രെയ്‌നിങ് എക്‌സൈസുകള്‍ വൈകിട്ട് ചെയ്യുന്നതാണ് നല്ലത്. അതേ സമയം ശരീരതാപത്തിന്റെ അളവും സമയവും  ഓരോ വ്യക്തിയും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുമെന്നതും വസ്തുതയാണ്. ഇക്കാരണങ്ങളാല്‍ ചില ആളുകള്‍ ഉച്ചതിരിഞ്ഞ് പോലും വെയ്റ്റ് ട്രെയിനിങ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.

 സായാഹ്നത്തിലാകാം വെയിറ്റ് ട്രെയിനിങ്ങ്

അതേ സമയം പഠനങ്ങള്‍ പ്രകാരം വെയ്റ്റ് ട്രെയ്‌നിങ്ങിന് മികച്ച സമയം  വൈകുന്നേരമാണ്. പേശികളുടെ നിര്‍മ്മാണത്തില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് കോര്‍ട്ടിസോള്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവ. ടെസ്റ്റോസ്റ്റിറോണ്‍ കോര്‍ട്ടിസോളിന്റെ അനുപാതം വൈകുന്നേരങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണെന്ന് പഠനം സൂചിപ്പിക്കുന്നു, ഇത് പേശികളെ വളര്‍ത്തുന്നതിന് ഗുണം ചെയ്യും.

ഇനി ഇതൊക്കെയാണെങ്കിലും സമയത്തിന്റെ കാര്യത്തില്‍ നമുക്കോരുത്തര്‍ക്കും തങ്ങളുടേതായ  ചില കംഫര്‍ട്ട് സോണുകളുണ്ട്. ചിലര്‍ രാവിലെ വ്യായാമത്തിന് താല്‍പ്പര്യപ്പെടുന്നു, മറ്റുള്ളവര്‍ സായാഹ്നം കൂടുതല്‍ സൗകര്യപ്രദമാണ്. പലരുടേയും ദിനചര്യകളും ഉറക്കവും വ്യത്യസ്തമാണ് എന്നുള്ളതാണ് ഇതിന് കാരണം. ആ ദൈനംദിന ഷെഡ്യൂള്‍ അനുസരിച്ച് തങ്ങളുടെ വര്‍ക്ക് ഔട്ടുകള്‍  ആസൂത്രണം ചെയ്യുന്നതിനാണ്  കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. വ്യായാമ സമയ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതിന് തെളിവുകളുണ്ടെങ്കിലും ചിത്രം വളരെ വ്യക്തമല്ല. ഇക്കാരങ്ങളാല്‍  നിങ്ങള്‍ സമയം കണ്ടെത്തുമ്പോഴെല്ലാം വ്യായാമം ചെയ്യുക എന്നേ ഒടുവില്‍ പറഞ്ഞുവെക്കാനാകു

Trending

Exit mobile version