നിങ്ങള്‍ ഒരു ജിമ്മില്‍ പോകാന്‍ തയ്യാറെടുക്കുന്ന ആളോ അല്ലങ്കില്‍ പുതുമുഖമോ ആകട്ടെ, ജിമ്മില്‍ നിങ്ങള്‍ പാലിക്കേണ്ട ചില പൊതുവായ മര്യാദകളുണ്ട്. ജിമ്മില്‍ ചേരുമ്പോള്‍ എല്ലായ്പ്പോഴും ഒരു റൂള്‍ ബുക്ക് കൈമാറില്ല, എന്നാല്‍ നിങ്ങള്‍ അവിടെ സാമാന്യബുദ്ധി പ്രയോഗിക്കുമെന്ന് ജിം ഇന്‍സ്ട്രക്ടറോ അല്ലങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റുള്ളവരോ പ്രതീക്ഷിക്കുന്നുണ്ട്. ജിമ്മില്‍ ചില ആളുകള്‍ പ്രകടിപ്പിക്കുന്ന, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ഏഴ് ശീലങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത്തരം തെറ്റുകള്‍ നിങ്ങള്‍ക്കു പറ്റാതിരിക്കാന്‍ ഈ കുറിപ്പുകള്‍ നിങ്ങളെ സഹായിച്ചേക്കും
ജിം ഉപകരണങ്ങള്‍ ഉപയോഗ ശേഷം അതാതിടത്ത് തിരികെ വെക്കുക
ജിമ്മിലെത്തുന്ന മിക്ക ആളുകളും സാധാരണമായി ചെയ്തു വരുന്ന ഒരു തെറ്റാണ് ഉപയോഗ ശേഷം ഉപകരണങ്ങള്‍ അതാതിടത്ത് വെക്കാതെ പോകുന്നത്. ഇങ്ങനെ പലയിടത്തായി ഉപേക്ഷിച്ചു പോകുന്ന ഉപകരണങ്ങള്‍ ഫിറ്റ്നസ് സെന്റര്‍ ജീവനക്കാര്‍ എടുത്തുവെക്കേണ്ട ഒരു സ്ഥിതിയാണ്. ഉപകരണങ്ങള്‍ ഇങ്ങനെ പലഭാഗത്തായി കിടക്കുന്നത് ജിമ്മുകള്‍ വൃത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. നിങ്ങള്‍ ഏതെങ്കിലും ജിം ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍, അത് ശരിയായ സ്ഥലത്ത് തിരികെ വയ്ക്കുക. ഉപകരണങ്ങള്‍ ക്രമരഹിതമായി ഉപേക്ഷിക്കുന്നത് മറ്റുള്ളവര്‍ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും
ഉപകരണങ്ങള്‍ ശക്തിയോടെ നിലത്തേക്ക് ഇടാതിരിക്കുക
നിങ്ങള്‍ എത്ര കഠിനമായി വര്‍ക്കൗട്ട് ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ പേശികള്‍ എത്ര തളര്‍ന്നിട്ടുണ്ടെങ്കിലും, ഉപകരണങ്ങള്‍ ശബ്ദം പുറപ്പെടുവിക്കും വിധം ശക്തിയോടെ നിലത്തേക്ക് ഇടരുത്. ഭാരം നിലത്ത് ഉച്ചത്തില്‍ ഇടുന്നത് മറ്റുള്ളവരെ അസ്വസ്ഥരാക്കും. മാത്രമല്ല, ഇത് അപകടങ്ങള്‍ക്ക് കാരണവുമായേക്കാം. അതിനാല്‍ ഭാരം പതുക്കെ നിലത്തേക്ക് വെക്കുക.
ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കാതിരിക്കുക
ജിമ്മില്‍ വര്‍ക്കൗട്ടിനിടെയാണെങ്കിലും അത്യാവശ്യ ഫോണ്‍ കോളുകള്‍ വന്നാല്‍ എടുക്കാതിരിക്കാനാകില്ല. എന്നാല്‍ അപ്പോഴും ചില മര്യാദകള്‍ നാം പാലിക്കേണ്ടതുണ്ട്. ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് ഒപ്പമുള്ളവര്‍ക്ക് ശല്യമായി മാറും. നിങ്ങളുടെ സംഭാഷണത്തിന്റെ ഭാഗമാകാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്ന കാര്യം മനസിലാക്കുക. ജിമ്മില്‍ ആയിരിക്കുമ്പോള്‍ പരമാവധി നിങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ശ്രമിക്കുക. ഫോണില്‍ സംസാരിക്കേണ്ടി വരുമ്പോള്‍ ജിമ്മില്‍ നിന്ന് പുറത്തുപോകുകാന്‍ ശ്രമിക്കുക.
ജിമ്മില്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ കുറക്കുക
ജിം എന്നത് വ്യായാമം ചെയ്യാനുള്ള ഒരു സ്ഥലമാണ്, അതിനാല്‍ തന്നെ വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരേ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന നിങ്ങളുടെ സുഹൃത്തുമായി അല്‍പ്പം സംസാരിക്കുന്നത് രസകരമായിരിക്കുമെങ്കിലും, അത് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. ജിമ്മിന്റെ നടുവില്‍ നിന്നുകൊണ്ട് സംസാരത്തില്‍ മുഴുകിയാല്‍ അത് മറ്റുള്ളവരെ ശല്യപ്പെടുത്തും
മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കാതെ മെഷിനുകളില്‍ വെറുതെ ഇരിക്കരുത്
വര്‍ക്കൗട്ടുകള്‍ക്കിടയില്‍ ഒരു ചെറിയ ഇടവേള എടുക്കേണ്ടത് പ്രധാനമാണെങ്കിലും, ആ വിശ്രമ സമയം 30 സെക്കന്‍ഡ് മുതല്‍ 10 മിനിറ്റ് വരെ നീട്ടരുത്. മിക്ക ആളുകളും ഒരു മിനിറ്റ് തീവ്രമായ വ്യായാമം ചെയ്യുന്നു, തുടര്‍ന്ന് അടുത്തത് ആരംഭിക്കുന്നതിന് മുമ്പ് പത്ത് മിനിറ്റ് ഫോണില്‍ ചിലവഴിക്കുന്നു. ഈ നിലപാട് ശരിയല്ല. നിങ്ങളുടെ വിശ്രമ വേള മിനുട്ടുകളോളം ദൈര്‍ഘ്യമുള്ളതാണെങ്കില്‍ മെഷീന്‍ ഉപയോഗിക്കാന്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കുക.
ഉപയോഗ ശേഷം മെഷീനുകളിലെ വിയര്‍പ്പ് തുടക്കുക
നിങ്ങള്‍ ഒരു മെഷീനില്‍ വ്യായാമം ചെയ്തുകഴിഞ്ഞാല്‍, അതില്‍ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങളുടെ വിയര്‍പ്പ് തുടക്കുക. രോഗാണുക്കളും വിയര്‍പ്പും നിറഞ്ഞ യന്ത്രത്തില്‍ വര്‍ക്ക്ഔട്ട് ചെയ്യാന്‍ ആരും ഇഷ്ടപ്പെടില്ല.
ജിമ്മിനുള്ളില്‍ ഭക്ഷണം കഴിക്കരുത്
വ്യായാമത്തിന് ശേഷമോ ഇടയിലോ ചിലര്‍ ലഘുവായി എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ജിമ്മില്‍ അത് ചെയ്യരുത്. എല്ലാവരും അവരുടെ ചുറ്റുപാടുകള്‍ വൃത്തിയുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ ജിമ്മില്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ ആ പ്രദേശം വൃത്തിഹീനമാക്കിയേക്കാം.