ആധുനിക ലോകത്ത് നമ്മളില്‍ പലരും പലവിധ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സമ്മര്‍ദത്തെ ചെറുക്കാന്‍ പലരും പല വഴികളാണ് പിന്തുടരുക. ചിലര്‍ വേണ്ടപ്പെട്ടവരുമായി പ്രശ്നങ്ങള്‍ പങ്കുവെച്ച് പരിഹാരത്തിന് ശ്രമിക്കും. മറ്റ് ചിലര്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടും. ചുരുക്കം ചിലരെങ്കിലും ലഹരിയില്‍ അഭയം തേടുകയും ചെയ്യും. എന്നാല്‍ ഇവിടെ പറഞ്ഞു വരുന്നത് സമ്മര്‍ദം ഉണ്ടാകുമ്പോള്‍ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നവരെ കുറിച്ചാണ് . സ്ട്രെസ് ഈറ്റിങ്ങ് (stress eating) എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത്തരക്കാര്‍ സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ഭക്ഷണത്തിലാണ് ആശ്വാസം തേടുക. എന്നാല്‍ ഈ ശീലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കും.
ഇത്തരത്തില്‍ ക്രമം തെറ്റി ഭക്ഷണം കഴിക്കല്‍( eating disorder) ഉള്ളവര്‍ക്ക് മധുരം, കൊഴുപ്പ്, ഉപ്പ് എന്നിവ അധികമായി അടങ്ങിയ ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണം, കലോറി അധികമായി അടങ്ങിയ ഭക്ഷണം എന്നിവയില്‍ ആകര്‍ഷിക്കപ്പെടുന്നവരായിരിക്കും.
മാനസിക സമ്മര്‍ദവും വിശപ്പും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രമുഖ ന്യൂട്രീഷണിസ്റ്റ് ആയ അഞ്ജലി മുഖര്‍ജി ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ”ടെന്‍ഷനടിക്കുമ്പോള്‍ നിങ്ങള്‍ക്ക് വളരെയധിക വിശപ്പും അനുഭവപ്പെടും. ചിലര്‍ക്കത് മധുരത്തോടാകാം. ചിലര്‍ക്ക് ഉപ്പിനോടാകാം. സമ്മര്‍ദമുണ്ടാകുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് ധാരാളം മഗ്നീഷ്യം നഷ്ടപ്പെടുന്നുണ്ട്. ധാതുക്കളിലുണ്ടാകുന്ന കുറവു മൂലമാണ് സമ്മര്ദനേരങ്ങളില് ഇങ്ങനെ വിശപ്പ് അനുഭവപ്പെടുന്നത്. പച്ചക്കറികളില്‍, പ്രത്യേകിച്ച് ഇലക്കറികളില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ആവശ്യത്തിന് ധാതുക്കള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന വിറ്റാമിനുകള്‍ പോലും ശരീരത്തില്‍ ഗുണം ചെയ്യില്ല. ധാതുക്കളുടെ കുറവു മൂലമാണ് ഉപ്പിനോട് ആഗ്രഹം തോന്നുന്നത്. മൈദ പോലുള്ളവയും മധുരം അടങ്ങിയ ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കുന്നവര്‍ക്ക് അതിനോടും ഇഷ്ടം തോന്നും. ചിലര്‍ക്ക് ഒരുപാട് ടെന്‍ഷന്‍ അടിച്ചാല്‍ മുടി കൊഴിയും. അയണ്‍, പ്രോട്ടീന്‍ മുതലായവയുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്”- അഞ്ജലി മുഖര്‍ജി വിശദീകരിക്കുന്നു. വിശപ്പ് തോന്നുമ്പോള്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തിരഞ്ഞെടുക്കരുതെന്നും ചോക്ലേറ്റുകള്‍, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്സ് തുടങ്ങിയ ഭക്ഷണങ്ങള്‍ക്കു പകരം പച്ചക്കറികളും ഇലക്കറികളും പഴങ്ങളുമൊക്കെ കഴിക്കാം എന്നും അഞ്ജലി നിര്‍ദ്ദേശിക്കുന്നു.
പരിഹാരമെന്ത്?
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുക, വ്യായാമം ചെയ്യുക, യോഗ, ധ്യാനം എന്നിവ പരിശീലിക്കുക, ശ്വസന വ്യായാമങ്ങള്‍ ചെയ്യുക എന്നീ കാര്യങ്ങളെല്ലാം മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ ഇല്ലാതാക്കാന്‍ സഹായിക്കും.