കൊവിഡ് എന്ന മഹാമാരി ലോകത്തെങ്ങുമുള്ള മനുഷ്യരുടെ ജീവിതചര്യയില്‍ വരുത്തിയ മാറ്റം വളരെ വലുതും അപ്രതീക്ഷിതവുമാണ്. തൊഴില്‍ മേഖലയിലാണ് ഈ മാറ്റം വലിയ തോതില്‍ പ്രതിഫലിച്ചത്. പലര്‍ക്കും കേട്ട്കേള്‍വി മാത്രമായിരുന്ന വര്‍ക്ക് ഫ്രം ഹോം രീതി സുപചരിതമാക്കുന്നതിന് ഈ മഹാമാരിക്കാലം ഇടയാക്കി. വീട്ടിലിരുന്ന് ജോലി ചെയ്യാമല്ലോ എന്ന ചിന്തയില്‍ ഇത് ആദ്യം അല്പം ആഹ്ലാദം നല്‍കിയെങ്കിലും ക്രമേണ മുറിയലിരുന്നുകൊണ്ടുള്ള ജോലി പലര്‍ക്കും കടുത്ത മടുപ്പുളവാക്കാനും തുടങ്ങി. അരോചകം ആയിരുന്നെങ്കിലും പിന്നീട് പലരും ഈ രീതിയോട് പൊരുത്തപ്പെട്ടു എന്നതാണ് സത്യം. അടുത്ത നാള് ഓഫീസില്‍ പോകാമെന്നാണ് കൊവിഡിന്റെ ആദ്യഘട്ടത്തില്‍ നമ്മില്‍ പലരും കരുതിയതെങ്കിലും സാഹചര്യം അങ്ങനെയല്ലെന്ന് ക്രമേണ ബോധ്യപ്പെട്ടു. അതേ സമയം വര്‍ക്ക് ഫ്രം ഹോം മികച്ച റിസള്‍ട്ട് തരുന്നുണ്ടെന്നാണ് ചില കമ്പനികളുടെ പഠനത്തില്‍ കണ്ടെത്തിയത്. അപ്പോള്‍ പിന്നെ കമ്പനികള്‍ സ്ഥിരമായി ഈ രീതിയിലക്ക് മാറുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള് ഓര്‍ക്കേണ്ടതുണ്ട്. സ്ഥിരമായി വീട്ടിലിരുന്നു ജോലി ചെയ്യുകയുമാണെങ്കില്‍ ഒരു പക്ഷെ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. വ്യായാമത്തിനൊ യാതൊരു തരത്തിലുമുള്ള ശാരീരിക അധ്വാനത്തിനോ പ്രാധാന്യം നല്‍കാതെ വീടിനകത്ത് ഇലക്ട്രോണിക് ഡിവൈസുകള്‍ക്ക് മുന്പില് ഇരിക്കാനാണ് പ്ലാനെങ്കില്‍ വരുന്ന ചില വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ ശരീര ഘടനയില്‍ തന്നെ മാറ്റങ്ങളുണ്ടാകും.
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കൂനാണ് പ്രധാനമായും ഉണ്ടാകുന്ന പ്രശ്നം. സോഫകളിലും, ബെഡിലും ശരിയായ രീതിയിലല്ലാതെ ഇരുന്നും കിടന്നും മണിക്കൂറുകളോളം ലാപ്ടോപ്പുകളിലും മറ്റും ജോലി ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് പലര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല എങ്കിലും ശരീര ഭാരം കൂടുന്നത് പലര്‍ക്കും ഇപ്പോള്‍ തന്നെ ഒരു പ്രശ്നമായിട്ടുണ്ടാകും. കൃത്യമായ വ്യായാമം ഇല്ലാതെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം.
മാത്രവുമല്ല സൂര്യപ്രകാശം ഏല്ക്കാതെ വീടിനകത്ത് ഇരിക്കുന്നതിനാല്‍ ചര്‍മത്തില്‍ വേണ്ട വിധം വിറ്റാമിന്‍ ഡി ലഭിക്കാതെ വരികയും ഇതുമൂലം വിളര്‍ച്ചയും സംഭവിച്ചേക്കാം. ശരീരത്തിന് ആവശ്യമായ വ്യായാമവും സമ്മര്‍ദ്ദവും ലഭിക്കാത്തതിനാല്‍ അസ്വസ്ഥമായ ഉറക്കം, തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭയവും ഉത്കണ്ഠയും നമ്മെ രോഗികളുമാക്കിയേക്കാം.
എന്നാല്‍ ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെച്ചാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം ഒരു പരിധിവരെ അകറ്റി നിര്‍ത്താം എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരുന്നവര് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും