Fitness Tips

നിങ്ങള്‍ മസില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യേണ്ടതിന്റെ 5 കാരണങ്ങള്‍

Published

on

വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് നാമെല്ലാവരും ഏറെ കേട്ടിട്ടുണ്ട്. അമിത ശരീരഭാരം കുറയ്ക്കാനും ശക്തരായിരിക്കാനും നല്ല ആകാരഭംഗിയുള്ളവരായിരിക്കാനും വ്യായാമം നമ്മെ സഹായിക്കും. എന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മസിലുകളെ(പേശികളെ) പുഷ്ടിപ്പെടുത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം?. നിങ്ങള്‍ സ്വീകരിക്കുന്ന ഭക്ഷണ രീതി പ്രധാനമെന്നത് പോലെ പേശികളുടെ വളര്‍ച്ചയും പ്രധാനമാണ്

പ്രായമാകുന്നതിനനുസരിച്ച് സ്വാഭാവികമായും നമുക്ക് പേശി നഷ്ടം സംഭവിച്ച് തുടങ്ങും. ഇത് ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നടത്തം, നില്‍ക്കല്‍, ഇരിക്കല്‍ തുടങ്ങിയ ലളിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും നിങ്ങളുടെ പേശികളെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ 25 വയസ്സിന് മുകളിലുള്ള എല്ലാവരും മസില്‍ വളര്‍ച്ചക്ക് സഹായകരമാകുന്ന വ്യായാമങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്. മസിലുകളുടെ വളര്‍ച്ച എത്രമാത്രം പ്രധാനമാണെന്ന് താഴെ പറയുന്ന കാര്യങ്ങളിലൂടെ ബോംബെ സ്‌കിന്‍ ക്ലിനിക്കിലെ ഡോ. ബതുല്‍ പട്ടേല്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു:

പ്രായം കൂടുംതോറും നിങ്ങളുടെ ചയപചായം(മെറ്റബോളിസം) കുറയുന്നു. ഇക്കാരണത്താല്‍ നിങ്ങളുടെ ശരീരം പഴയതുപോലെ കൊഴുപ്പ് എരിച്ചുകളയുകയില്ല. നിങ്ങള്‍ മസിലുകള്‍ക്കായി വര്‍ക്കൗട്ട് ചെയ്തു തുടങ്ങുന്നതോടെ ശരീരം ഊര്‍ജ്ജവും കൊഴുപ്പും ഫലപ്രദമായി കത്തിച്ചുകളയുകയും, നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിക്കുകയും ചെയ്യും. കൊഴുപ്പ് കുറയുന്നതോടെ നിങ്ങള്‍ കൂടുതല്‍ മെലിഞ്ഞും ഫിറ്റും ആയി കാണപ്പെടുന്നു.

ഗുരുതരമായ അസ്ഥി രോഗങ്ങളെ തടയാന്‍ കഴിയും:

നിങ്ങള്‍ക്ക് മസിലുകള്‍ നഷ്ടപ്പെടുമ്പോള്‍, നിങ്ങളുടെ അസ്ഥികളുടെ സാന്ദ്രതയും നഷ്ടപ്പെടും. അക്കാരണത്താല്‍ അസ്ഥികള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ മസിലുകള്‍ക്കായി വര്‍ക്കൗട്ടില്‍ ഏര്‍പ്പെടുന്നതോടെ മസില്‍ വളര്‍ച്ച മാത്രമല്ല, നിങ്ങളുടെ അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിക്കുകയും ചെയ്യും. ഇത് അസ്ഥികള്‍ക്ക് സംഭവിച്ചേക്കാവുന്ന ഒടിവുകള്‍ക്ക് പുറമെ ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളും തടയുന്നു.

നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയും പരിപാലിക്കുന്നു:

മസിലുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയുമാണ് നിങ്ങള്‍ ശക്തിപ്പെടുത്തുന്നത്. വ്യായാമം നിങ്ങളുടെ ശരീരത്തിന് ഓക്‌സിജന്‍ കാര്യക്ഷമമായി എത്തിക്കാനും സഹായിക്കുന്നു.

ശരീര വേദന കുറയ്ക്കാന്‍ സഹായിക്കുന്നു:

നമ്മളില്‍ ഭൂരിഭാഗവും ലാപ്ടോപ്പുകള്‍ക്ക് മുന്നിലും മറ്റും ഏറെ സമയം ഇരിക്കുന്നതിനാലും മറ്റും പലവിധ ശരീരവേദനകള്‍ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് പുറംഭാഗത്തും മറ്റും. ചിലര്‍ക്ക് ഇത്് നടുവേദന വര്‍ദ്ധിക്കാനും ഇടയാക്കും. വയറിന്റെ പേശികള്‍ക്ക് (കോര്‍ മസില്‍സ്) വര്‍ക്കൗട്ട് ചെയ്തു തുടങ്ങുന്നതോടെ ഇത്തരം വേദനകള്‍ പമ്പ കടക്കും.

നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും:

നിങ്ങളുടെ ശരീരം ഫിറ്റായി നിങ്ങള്‍ക്ക് കാണപ്പെടുമ്പോള്‍, നിങ്ങള്‍ക്ക് തന്നെ സ്വയം നല്ലതായി തോന്നുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. അതിനാല്‍ തന്നെ മസിലുകളുടെ വളര്‍ച്ച പരോക്ഷമായി നിങ്ങളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തും

മസിലുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വെയ്റ്റ് ട്രെയിനിങ്ങോ യോഗയോ ഓട്ടമോ നിങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന ഏത് രീതിയും അവലംബിക്കാമെങ്കിലും കോര്‍ മസിലുകള്‍ പോലുള്ള പ്രത്യേക ശരീരഭാഗങ്ങള്‍ക്കായി പുഷ്അപ് പോലുള്ള പ്രത്യേക വര്‍ക്കൗട്ടുകള്‍ ചെയ്യേണ്ടതായി വരും.

 

Trending

Exit mobile version