Fitness Tips

പുതുവര്‍ഷം പുതിയ തീരുമാനങ്ങളുടേത്; അമിതഭാരം കുറച്ചാല്‍ നിങ്ങളിലുണ്ടാകുന്ന എട്ട് അത്ഭുതങ്ങള്‍ ഇവയാണ്

Published

on

പുതുവര്‍ഷം അടുത്തുവരികയാണ്. അടുത്ത വര്‍ഷത്തേക്കായി നമ്മളില്‍ പലരും ഇതിനകം തന്നെ പല കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയുമുണ്ടായിട്ടുണ്ടാകും. . ഭക്ഷണക്രമങ്ങളും വ്യായാമ മുറകളും ശരീരഭാരം കുറയ്ക്കലും പലപ്പോഴും ഈ പ്ലാനുകളുടെ ഭാഗമാണ്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന് സ്വയം നല്‍കുന്ന ഏറ്റവും മികച്ച പുതുവത്സര സമ്മാനമായി ഇത് മാറിയേക്കാം. അമിത ശരീരഭാരത്തിന്റെ 10 ശതമാനം പോലും കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തെ ഏറെ മെച്ചപ്പെടുത്തും. ശരീരഭാരം കുറയുന്നത് നിങ്ങളുടെ വ്യക്തിജീവിതത്തിലും മാനസികാരോഗ്യത്തിലും മറ്റും വലിയ മാറ്റങ്ങളുണ്ടാക്കും.

വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നത് നല്ലതും ചീത്തയുമായ കൊളസ്ട്രോളിന്റെ മികച്ച സന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും രക്താതിമര്‍ദ്ദത്തെ ചെറുക്കുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. വാസ്തവത്തില്‍, ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുമ്പോള്‍, ഹോര്‍മോണ്‍ ബാലന്‍സ് പുനഃസ്ഥാപിക്കപ്പെടും. ഇന്‍സുലിന്‍ ഉത്പാദനം മെച്ചപ്പെടുകയും അതാകട്ടെ, പ്രമേഹ സാധ്യത കുറയുകയും ചെയ്യുന്നു.

ഇനിയും നിങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യമായില്ലെങ്കില്‍ , ശരീരഭാരം കുറയ്ക്കുന്നതിന്റെ ഗുണങ്ങള്‍ ഇതാ:

മെച്ചപ്പെട്ട ഉറക്കം

അമിതവണ്ണമുള്ളവര്‍ക്ക് ഉറക്കമില്ലായ്മയോ ഉറക്ക പ്രശ്നമോ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നത് നിങ്ങളുടെ ഉറക്ക രീതി മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങള്‍ നന്നായി ഉറങ്ങുന്നതും നന്നായി വിശ്രമിക്കുന്നതും കൂടുതല്‍ ഉണര്‍വ് അനുഭവപ്പെടാന്‍ ഇടയാകും. മികച്ച ഉറക്കം നിങ്ങള്‍ക്ക് സന്തോഷകരമായ മാനസികാവസ്ഥ നല്‍കുകയും ചെയ്യും.

ഇന്‍സുലിന്‍ പ്രതിരോധം

ഒരു വ്യക്തിയില്‍ പ്രമേഹ സാധ്യത 58 ശതമാനം കുറയ്ക്കാന്‍ 5-7 ശതമാനംവരെ ശരീരഭാരം കുറച്ചാല്‍ മതിയെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കണ്ടെത്തിയിട്ടുണ്ട്. പ്രമേഹമോ പ്രമേഹസാധ്യത കൂടുതലോ ഉള്ള ഒരു വ്യക്തിക്ക്, ശരീരഭാരം കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയും ചെയ്യുന്നത് ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം, പ്രമേഹ ഫലമായുണ്ടാകുന്ന ആരോഗ്യ സങ്കീര്‍ണതകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

ശക്തമായ രോഗപ്രതിരോധ സംവിധാനം

വയറിന് ചുറ്റുമുള്ള അധിക കൊഴുപ്പ് ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ഹൃദ്രോഗത്തിലേക്കും മറ്റ് രോഗങ്ങളിലേക്കും നയിക്കുകയും ചെയ്യും. എന്നാല്‍ ശരീരഭാരം കുറയുന്നതോടെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യും.

മികച്ച ലൈംഗിക ജീവിതം

അമിതവണ്ണം നിങ്ങളുടെ ലൈംഗിക ജീവിതത്തെ തളര്‍ത്തും. ഇത് ലൈംഗിക ശേഷിക്കുറവ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകും. ശരീരഭാരം കുറയുന്നത് ഈ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

ആത്മവിശ്വാസം വര്‍ധിപ്പിക്കും

ശരീരഭാരം കുറയ്ക്കാനുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ഉന്മേഷത്തോടെയും സ്വയം പ്രചോദിതമായും തുടരേണ്ടതുണ്ട് . ഭാരം കുറയുന്നത് നിങ്ങളുടെ ആത്മാഭിമാനം മെച്ചപ്പെടുത്തും, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഇതിന് പുറമെ നിങ്ങളുടെ ഓര്‍മ്മശക്തി മികച്ചതാവുകയും ക്ഷീണവും ഉത്കണ്ഠയും കുറയുന്നതായും അനുഭവപ്പെടും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ലഘൂകരിക്കുക

ശരീരഭാരം കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. നിങ്ങള്‍ ശരീരഭാരം കുറയ്ക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍, അത് നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്തും

സന്ധി വേദനകള്‍ ഇല്ലാതാക്കുന്നു

ഭാരക്കൂടുതലുള്ളവര്‍ക്ക് സന്ധിവാതം ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. സന്ധിവാതം നിങ്ങളുടെ കാല്‍മുട്ടുകളെയാണ് നന്നായി ബാധിക്കുക. ഭാരം കുറക്കുന്നതോടെ സന്ധി തേയ്മാനത്തില്‍ കുറവ് വരുകയും സന്ധിവാതത്തില്‍നിന്നുള്ള ബുദ്ധിമുട്ടുകളെ അകറ്റുകയും ചെയ്യും.

ഇതിനെല്ലാം പുറമെ അമിതഭാരം നിങ്ങളില്‍ അലസതയും ക്ഷീണവും ഉണ്ടാക്കുന്നു, എന്നാല്‍ ശരീരഭാരം കുറയുന്നത് നിങ്ങളുടെ ശരീരത്തിലെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കും.ഇനി നിങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നത് തുടരാനോ ആരംഭിക്കാനോ പോകുകയാണെങ്കില്‍, ആഴ്ചയില്‍ 5 തവണ 30 മിനിറ്റ് വീതമാണ് വ്യായാമത്തിനായി നീക്കി വെക്കേണ്ടത് .ഓട്ടം, ജോഗിംഗ്, സൈക്ലിംഗ്, നൃത്തം എന്നിങ്ങനെയുള്ള എയ്‌റോബിക് വര്‍ക്കൗട്ടുകള്‍ നിങ്ങള്‍ക്ക് ചെയ്യാം. സന്ധി വേദന, പരിക്കുകള്‍, നട്ടെല്ല് പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് സുരക്ഷിതമായ മറ്റ് വ്യായാമ രീതികള്‍ തിരഞ്ഞെടുക്കണം.

Trending

Exit mobile version