Workouts

എയ്‌റോബിക് ഡാന്‍സിങ്; ഫിറ്റ്‌നസിനായി താളാത്മകമായൊരു മാര്‍ഗം!

Published

on

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എന്താണ് മാര്‍ഗം എന്ന് ചോദിക്കുന്നവര്‍ക്കൊക്കെ ഒരുപോലെ ലഭിക്കുന്ന മറുപടിയാണ് വര്‍ക്ക്ഔട്ട് ചെയ്ത് കൊണ്ടിരിക്കുക എന്നുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ളത് എന്നത് ഒരു സംശയമായി പലപ്പോഴും നിലനില്‍ക്കുന്നു. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരായിരം വഴികളില്‍ മികച്ചൊരു മാര്‍ഗമാണ് എയ്‌റോബിക് ഡാന്‍സിങ്. താളാത്മകവും ചടുലവുമായ എയ്‌റോബിക് ഡാന്‍സിങ് നല്‍കുന്ന ഫലം വളരേ വലുതാണ്. എയ്‌റോബിക് ഡാന്‍സിങ് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നു

കുറഞ്ഞ സമയത്തിനുള്ള കൂടുതല്‍ കലോറി എരിച്ചുകളയുന്ന വേഗതയേറിയ ഡാന്‍സിങ് രീതിയാണിത്. അതിനാല്‍ പെട്ടെന്ന് തന്നെ ക്ഷീണിച്ച് പോകുന്നതായി നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ ഇത് നിങ്ങളെ കരുത്തുറ്റവരാക്കുകയും നിങ്ങളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുകയും എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളെയും വേഗത്തിലാക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറക്കാന്‍ വളരെ മികച്ചൊരു മാര്‍ഗമാണ് എയ്‌റോബിക് ഡാന്‍സിങ്. നിങ്ങളുടെ വര്‍ക്ക്ഔട്ടിനെ അല്പം രസകരമാക്കുകയും ചെയ്യുന്നു. ഫുള്‍ ബോഡി മൂവ്‌മെന്റ് ആയതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നു.

മുമ്പ് പറഞ്ഞത് പോലെ വേഗത്തിലുള്ള ശരീര ചലനങ്ങള്‍ ആയതിനാല്‍ കൂടുതല്‍ ശ്വാസം എടുക്കേണ്ടുന്ന രീതിയില്‍ ശ്വാസകോശത്തിന് ഈ വ്യായാമത്തിനിടെ പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇത് ശ്വാസകോശത്തിന്റെ ക്ഷമത വര്‍ധിപ്പിക്കുന്നു.

മാനസിക സമ്മര്‍ദം കുറക്കും

എയ്‌റോബിക് ഡാന്‍സിങ് സ്ഥിരമായി ചെയ്യുകവഴി രക്തധമനിയില്‍ ബ്ലോക്കുകള്‍ ഇല്ലാതിരിക്കുകയും കൊളസ്ട്രോള്‍ ലെവല്‍ കുറക്കുകയും ചെയ്യുന്നു. ഈ വ്യായാമം നിങ്ങളുടെ മനസിനെ പ്രസന്നമാക്കി നിര്‍ത്തുകയും മാനസിക സമ്മര്‍ദ്ദം കുറക്കുകയും ചെയ്യുന്നു. പേശികള്‍ ദൃഢമാവാനും എയ്‌റോബിക് ഡാന്‍സ് സഹായിക്കുന്നു.

പേശികളിലേയും സന്ധികളിലേയും വേദനയെ കരുതണം

ആദ്യമായി എയ്‌റോബിക് ഡാന്‍സിങ്ങിലേക്ക് ഇറങ്ങുന്നവര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം പേശീ വേദനയും സന്ധി വേദനയുമാണ്. ചിട്ടയായി, ആവശ്യമായ അളവില്‍ സമയം നിശ്ചയിച്ച് ഇതില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും മികച്ച ഫലം ലഭിക്കാനും കാരണമാവുന്നു.

 

Trending

Exit mobile version