Diet & Nutrition

ഈന്തപ്പഴം മികച്ച ഒരു വര്‍ക്ക്ഔട്ട് സ്നാക്കുമാണ്

Published

on

വളരെ കാലം മുന്നേ തന്നെ മലയാളിക്ക് ഈന്തപ്പഴം അഥവാ ഡേറ്റ്സുമായി അടുത്ത ബന്ധമുണ്ട്. പലവീടുകളിലേയും സ്നാക്സിന്റെ കൂട്ടത്തില്‍ പ്രധാന ഐറ്റമാണ് ഈന്തപ്പഴം. ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനും മികച്ചൊരു ഫലവര്‍ഗമായി ഡോക്ടര്‍മാര്‍ ഈന്തപ്പഴം നിര്‍ദ്ദേശിക്കാറുണ്ട്. തടി കുറക്കാനും മറ്റുമായി ഡയറ്റിംഗില്‍ ഏര്‍പ്പെടുന്നവരുടേയും പ്രിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ഈന്തപ്പഴം. ഫൈബര്‍ അഥവാ നാരുകളുടേയും മധുരത്തിന്റേയും കലവറകൂടിയായ ഈന്തപ്പഴത്തിനെ പലരും സംശയത്തോടെ നോക്കി കാണാറുമുണ്ട്.

പോഷക സമൃദ്ധമായ പഴവര്‍ഗത്തിലെ പ്രധാന ഇനമാണ് ഈന്തപ്പഴം. പച്ചയായും ഉണക്കിയും ഡേറ്റ് മാര്‍ക്കറ്റില്‍ ലഭിക്കാറുണ്ട്. നൂറ് ഗ്രാം ഈന്തപ്പഴം കഴിക്കുന്നതിലൂടെ 282 കലോറി ഊര്‍ജ്ജം നമുക്ക് ഒറ്റത്തവണ ലഭിക്കുന്നു. ഇതിന് പുറമേ 2.5 ഗ്രാം പ്രോട്ടീന്‍, 75 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്സ്, 8 ഗ്രാം ഫൈബര്‍, 64 ഗ്രാം മധുരം എന്നിവ ലഭിക്കുന്നു. കൂടാതെ, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, മെഗ്‌നീഷ്യം, കോപ്പര്‍, സെലീനിയം, വിറ്റാമിന്‍ ബി6, ഫോലേറ്റ് എന്നിവയും ഈന്തപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. പലപ്പോഴും ഈന്തപ്പഴം അതിന്റെ രുചി കൊണ്ടും മറ്റും ഒറ്റ ഇരിപ്പില്‍ തന്നെ വലിയ അളവില്‍ പലരും കഴിക്കാറുണ്ട്. ഊര്‍ജ്ജത്തിന് പുറമേ നാരുകളും മധുരവും അടങ്ങിയിട്ടുള്ളതിനാല്‍ മിതമായ അളവിലേ ഈന്തപ്പഴം കഴിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഭക്ഷണങ്ങള്‍ ഏത് തരത്തില്‍ ഉള്ളതായാലും വിശക്കുമ്പോള്‍ കഴിക്കുക എന്നതാണല്ലോ നമ്മുടെ ശീലം. ഈന്തപ്പഴത്തിന്റെ കാര്യത്തിലും ഇത് ഒരു പരിധിവരെ തുടരാമെങ്കിലും ഫിറ്റ്നെസ്സിലും ആരോഗ്യത്തിലും ശ്രദ്ധിക്കുന്നവര്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി പരിഗണക്കേണ്ടതുണ്ട്.

മികച്ചൊരു വര്‍ക്ക് ഔട്ട് സ്നാക്ക് ആയ ഈന്തപ്പഴം കഴിക്കാന്‍ ഏറ്റവും യോജിച്ച സമയം വര്‍ക്ക്ഔട്ടിന് മുമ്പാണ്. മധുരത്തിന്റെ അളവ് ഈന്തപ്പഴത്തില്‍ താരതമ്യേന കൂടുതലാണെങ്കിലും രക്തത്തിലെ ഷുഗറിന്റെ അളവിനെ ഇത് സാരമായി ബാധിക്കില്ല എന്നതിനാല്‍ കൂടിയാണ് വര്‍ക്ക് ഔട്ടിന് മുമ്പ് കഴിക്കാവുന്ന ഭക്ഷണങ്ങളില്‍ ഒന്നായ് ഈന്തപ്പഴത്തെ പരിഗണിക്കാന്‍ കാരണം. ഈന്തപ്പഴം വഴി ലഭിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റുകള്‍ വളരെ പതുക്കെയേ വിട്ട് പോകൂ എന്നതിനാല്‍ കൂടുതല്‍ നേരം വര്‍ക്ക് ഔട്ട് ചെയ്യാനുള്ള ഊര്‍ജ്ജം ഇതില്‍ നിന്ന് ലഭിക്കുന്നു. അതിനാല്‍ വര്‍ക്ക് ഔട്ടിന് ആരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ മുമ്പ് വരെ ഈന്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. രണ്ട് മുതല്‍ നാല് എണ്ണം വരെ ഈന്തപ്പഴമേ അപ്പോള്‍ കഴിക്കുന്നുള്ളൂ എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.

 

Trending

Exit mobile version