Diet & Nutrition

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം; മായം കലര്‍ന്ന ഗ്രീന്‍പീസ് ഇങ്ങനെ തിരിച്ചറിയാം

Published

on

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയെന്നത് പ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എങ്കിലും പലപ്പോഴും നമ്മള്‍ മായം ചേര്‍ന്നതും അസുഖങ്ങളെ വിളിച്ചുവരുത്തുന്നതുമായി പലതും ഭക്ഷിക്കണ്ടി വരുന്നു. മായം ചേര്‍ന്ന ഭക്ഷണങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിയാത്തത് കൊണ്ടാണ് പണം കൊടുത്ത് മാരക അസുഖങ്ങളെ നമ്മള്‍ വിലക്കുവാങ്ങുന്നത്. ഭക്ഷണ പദാര്‍ഥങ്ങളിലെ ഒരു പ്രധാന വില്ലനാണ് കൃത്രിമ നിറങ്ങള്‍. നിറങ്ങളുടെ പളപളപ്പില്‍ നമ്മള്‍ പലതും വാങ്ങി ഭക്ഷിക്കുകയും ചെയ്യും. പച്ചക്കറികളിലും ധാന്യങ്ങളിലും ഇത്തരം മായങ്ങള്‍ ചേര്‍ക്കുന്നുണ്ടെന്നത് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. നമ്മുടെ ഭക്ഷണ ശീലത്തിലെ ഒരു പ്രധാന ഇനമാണ് ഗ്രീന്‍പീസ്. പ്രഭാത ഭക്ഷണത്തോടൊപ്പം കറിയായാണ് മിക്കവാറും ഗ്രീന്‍പീസ് മലയാളികള്‍ കഴിക്കാറുള്ളത്. മറ്റ് വിഭവങ്ങള്‍ക്കും ഗ്രീന്‍പീസ് നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഗ്രീന്‍പീസിന്റെ പച്ചനിറം കണ്ട് പുതിയതാണെന്ന് തെറ്റിദ്ധരിച്ച് കടയകളില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന് കറി വെച്ച് കഴിയുമ്പോഴാണ് ഇതിലെ മായത്തെ നാം പലപ്പോഴും തിരിച്ചറിയുന്നത്. എന്നാല്‍, ഗ്രീന്‍പീസില്‍ കൃത്രിമനിറം ചേര്‍ത്തിട്ടുണ്ടോയെന്നറിയാനുള്ള മാര്‍ഗം പറഞ്ഞു തരികയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.) അവരുടെ വീഡിയോയിലൂടെ. തങ്ങളുടെ സാമൂഹികമാധ്യമങ്ങളിലെ പേജുകളിലൂടെയാണ് എഫ്.എസ്.എസ്.എ.ഐ. ഈ വീഡിയോ പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്:

ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമെടുക്കുക. ഇതിലേക്ക് കുറച്ച് ഗ്രീന്‍പീസ് ഇടുക. അരമണിക്കൂറിനുശേഷം ഗ്ലാസിലെ വെള്ളം സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക. അപ്പോള്‍ വെള്ളത്തിന്റെ നിറം മാറുന്നുണ്ടെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടായിരിക്കും. നിറം മാറുന്നില്ലെങ്കില്‍ മായം കലരാത്ത ഗ്രീന്‍പീസായിരിക്കും നിങ്ങളുടെ കൈവശമുള്ളത്.

 

Trending

Exit mobile version