ആകര്‍ഷകമായ ശരീരം സ്വന്തമാക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ജിമ്മുകളേയും ഫിറ്റ്‌നസ് സെന്ററുകളേയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിക്ക് ശേഷം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ഇത്തരം കേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല എന്നതിന് പുറമെ പ്രായഭേദവുമില്ല. എന്നിരുന്നാലും യുവതി യുവാക്കളാണ് ജിമ്മുകളിലും ഫിറ്റ്‌നസ് കേന്ദ്രങ്ങളിലും എത്തുന്നവരില്‍ ഭൂരിഭാഗവും. ശരീരത്തിലെ കൊഴുപ്പ് കളഞ്ഞ് മസിലുകള്‍ കൂട്ടാനും വടിവൊത്ത ആകാര ശേഷി ലഭിക്കാനുമാണ് ഇവരില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.
എന്നാല്‍ ദീര്‍ഘകാലത്തെ വര്‍ക്ഔട്ടിന് ശേഷവും ചിലപ്പോള്‍ അവര്‍ ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വ്യായാമത്തിന് മുന്‍പും ശേഷവും ശീലമാക്കേണ്ട ചില കാര്യങ്ങളാണിത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വാം അപ്പ് , സ്‌ട്രെച്ചിംഗ്
വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് വാം-അപ്പ് ചെയ്യുകയും സ്‌ട്രെച്ച് ചെയ്യുകയും വേണം. അതുപോലെ വ്യായാമത്തിന് ശേഷം സ്‌ട്രെച്ച് ചെയ്യുന്നത് ശരീരത്തിന് പരുക്കേല്‍ക്കുന്നതിനുള്ള സാധ്യത കുറക്കും. വ്യായാമത്തിന് ശേഷം മുറുകുന്ന ചില പേശികള്‍ സ്‌ട്രെച്ചിംഗിലൂടെ അയയ്ക്കാന്‍ സാധിക്കും. മാത്രമല്ല, നിങ്ങളുടെ ശരീരത്തെ ശാന്തമാക്കാനും സ്‌ട്രെച്ചിംഗ് സഹായിക്കുന്നു.
പോഷക സമൃദ്ധമായ ആഹാരങ്ങള്‍
നന്നായി വ്യായാമം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിലെ ഗ്ലൈക്കോജന്‍ന്റെ അളവ് കുറയുകയും തളര്‍ന്നുപോകുകയും ചെയ്യുന്നു. ഈ സമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ച് എനര്‍ജി കൂട്ടാന്‍ ശ്രമിക്കണം. തൈര്, പീനട്ട് ബട്ടര്‍ സാന്‍ഡ് വിച്ച്, ചോക്ലേറ്റ്, മില്‍ക്ക് ഷേക്ക്, ധാന്യങ്ങള്‍, ബ്രെഡ് തുടങ്ങിയ ഭക്ഷണങ്ങള്‍ വ്യായാമത്തിന് ശേഷം ഉത്തമമാണെന്ന് കണക്കാക്കപ്പെടുന്നു. ഇവ നിങ്ങള്‍ക്ക് പെട്ടെന്ന് ഊര്‍ജ്ജം നല്‍കുകയും വേഗത്തില്‍ മസിലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.
ധാരാളം വെള്ളം കുടിക്കുക
കഠിനമായ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെടുമ്പോള്‍ നമ്മുടെ ശരീരം ധാരാളം ദ്രാവകം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ വ്യായാമത്തിന് ശേഷം നിര്‍ബന്ധമായും നിങ്ങള്‍ ശരീരഭാരത്തിന് അനുസരിച്ച് വെള്ളം കുടിക്കണം. നഷ്ടപ്പെട്ട ഈ ദ്രാവകങ്ങള്‍ തിരിച്ച് കിട്ടുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ മസിലുകള്‍ അയവുള്ളതായി തുടരുകയും പേശി വേദന കുറയുകയും ചെയ്യും
വിശ്രമം
വ്യായാമത്തിന് ശേഷമുള്ള വിശ്രമം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ പലരും ഇതിന് നിസാരമായി കാണുകയാണ് ചെയ്യുന്നത്. വ്യായാമങ്ങള്‍ക്കിടയിലും ശേഷവും എടുക്കുന്ന വിശ്രമം വളരെ പ്രധാനമാണ്. വ്യായാമത്തിന് ശേഷമുള്ള ശരിയായ വിശ്രമം നിങ്ങളെ അടുത്ത വ്യായാമ സെഷന് തയ്യാറാകുന്നതിനും സഹായിക്കുന്നു. മാത്രമല്ല നിങ്ങളുടെ മനസ്സിന് വിശ്രമം നല്‍കാനും മാനസിക സമ്മര്‍ദ്ദം അകറ്റാനും ഇത് സഹായിക്കുന്നു.
ശുചിത്വം പ്രധാനം
നിരവധി പേര്‍ വന്നുപോകുന്ന സ്ഥലമാണ് ജിം. ഒരേ ഉപകരണങ്ങളാണ് എല്ലാവരും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അവ ഉപയോഗിക്കുമ്പോള്‍ അതിലുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്കും പ്രവേശിക്കും. ഇത് കഠിനമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. വ്യായാമത്തിന് ശേഷം നന്നായി ശരീര ശുചിത്വം ഉറപ്പുവരുത്തുന്നത് ബാക്ടീരിയകളെയും രോഗാണുക്കളെയും അകറ്റി നിര്‍ത്തുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യും.