ഫിറ്റ്നസ് നേടിയെടുക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന ഭൂരിഭാഗം പേരുടെയും ആദ്യ തിരഞ്ഞെടുപ്പ് എന്നത് പലപ്പോഴും ജിമ്മുകളും ഹെല്‍ത്ത് ക്ലബ്ബുകളുമാണ്. എന്നാല്‍ ഇവിടങ്ങളില്‍ വര്‍ക്ക്ഔട്ട് എത്ര ചെയ്യണമെന്നോ എപ്പോള്‍ ചെയ്യണമെന്നോ പലര്‍ക്കും വ്യക്തമായ ധാരണ ഉണ്ടാവണമെന്നില്ല.നിങ്ങളുടെ ഫിറ്റ്‌നസ് ലക്ഷ്യത്തിന് അനുസരിച്ച് കൃത്യമായ സമയം, കൃത്യമായ അളവില്‍ വര്‍ക്ക് ഔട്ട് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം കിട്ടും.യാതൊരു ലക്ഷ്യബോധവും ഇല്ലാതെ വര്‍ക്ക്ഔട്ട് ചെയ്യുന്ന സമയത്തെക്കുറിച്ച് ധാരണയില്ലാതെ വ്യായാമങ്ങള്‍ക്ക് ഇറങ്ങിയാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യാനാണ് സാധ്യത.
പരിമിതികളും സാധ്യതകളും അറിയുക
വ്യക്തിപരമായി ഓരോരുത്തര്‍ക്കും വ്യത്യസ്ത ഫിറ്റ്‌നസ് ലെവലുകള്‍ ആയിരിക്കും. ഓരോരുത്തരുടെ ശരീര സാധ്യതകളും വ്യത്യസ്തമായിരിക്കും. താത്പര്യത്തോടുകൂടെ നമ്മുടെ ശരീരത്തിന്റെ പരിമിതികളും സാധ്യതകളും അറിഞ്ഞ് അതിനനുസരിച്ച് സമയം നിശ്ചയിച്ച് വര്‍ക്ക് ഔട്ട് ചെയ്യുക എന്നത് പ്രധാനമാണ്.
വര്‍ക്കൗട്ടുകള്‍ സമയമറിഞ്ഞ്
സാധാരണ നിലയില്‍ ആരോഗ്യകരമായ ഫിറ്റ്‌നസ് നേടാന്‍ വേണ്ടി ഒരാള്‍ ഒരു ദിവസം 30 മിനിറ്റ് എന്ന നിലയിലോ ആഴ്ച്ചയില്‍ 150 മിനിറ്റ് എന്ന നിലയിലോ വര്‍ക്ക്ഔട്ടില്‍ ഏര്‍പ്പെടുക എന്നതാണ് അഭികാമ്യം. എന്നാല്‍ ഒരു പടികൂടെ കടന്ന് മോഡറേറ്റ് ഇന്റര്‍സിറ്റി വര്‍ക്ക് ഔട്ട് ആഗ്രഹിക്കുന്നവര്‍ ദിവസം അരമണിക്കൂര്‍ എന്ന നിലയില്‍ തന്നെ കുറച്ച് കൂടി കാഠിന്യം ഏറിയ വര്‍ക്ക് ഔട്ടുകള്‍ ചെയ്യേണ്ടതായി വരും. ട്രെഡ്മില്‍ വര്‍ക്ക് ഔട്ടുകളും ഗ്രൂപ്പ് ഫിറ്റ്‌നസ് ട്രൈനിങ്ങുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഭാരം കുറക്കുക എന്നതാണ് നിങ്ങളുടെ വ്യായാമത്തിന്റെ ലക്ഷ്യമെങ്കില്‍ മുകളില്‍ പറഞ്ഞത് പോലെ ആഴ്ചയില്‍ 150 മിനിറ്റ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശേഷം സ്ഥിര വ്യായാമവുമായി പരിചയപ്പെട്ടു കഴിഞ്ഞാല്‍ ദിവസം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ എന്ന നിലയിലേക്ക് വരെ ഇത് കൂട്ടാവുന്നതാണ്. അതേ സമയം ബോഡി ബില്‍ഡിങിനായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ ട്രയിനറുടെ നിര്‍ദേശം പിന്തുടരണം. അല്ലാത്ത പക്ഷം ചെയ്യുന്നത് വിപരീത ഫലം ഉണ്ടാക്കിയേക്കാം. അത്തരത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ ഭക്ഷണത്തില്‍ കൂടി ചിട്ടയായ ശീലങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.
കൂടുതല്‍ നേരം വര്‍ക്ക് ഔട്ട് ചെയ്താല്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കും എന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് തെറ്റാണ്. കൂടുതല്‍ സമയം കൂടുതല്‍ കഠിനമായ വ്യായാമം ചെയ്യുന്നത് പരിക്കുകള്‍ ഉള്‍പ്പടെ ഉണ്ടാവാനുള്ള സാധ്യത ഉണ്ടാക്കുന്നുണ്ട്.അമിതമായ വര്‍ക്കൗട്ടുകള്‍ പലപ്പോഴും ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.