Fitness Tips

നിങ്ങളുടെ ജിം വര്‍ക്കൗട്ടുകള്‍ എങ്ങനെ വിജയകരമാക്കാം

Published

on

ജിമ്മുകളും ഫിറ്റ്‌നസ് ക്ലബ്ബുകളും സന്ദര്‍ശിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. യുവതി യുവാക്കളാണ് ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗം പേരും. ഇവരില്‍ പലരും ശരീരത്തിന് മികച്ച ആകാരവടിവിനു വേണ്ടി കൂടിയാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ജിമ്മില്‍ എത്തുന്ന എല്ലാവര്‍ക്കും ഒരുപോലെ ആകാരവടിവ് ലഭിക്കണമെന്നില്ല. വാസ്തവത്തില്‍, ചില ആളുകള്‍ വര്‍ഷങ്ങളായി ജിമ്മില്‍ സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യുന്നവരാണ്, പക്ഷേ അവര്‍ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് വരുന്നതില്‍ പലരും പരാജയപ്പെടുന്നു. ഇതിന് നിരവധി കാരണങ്ങളുണ്ടാകാം. അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, ആരോഗ്യപരമായ സങ്കീര്‍ണതകളും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ഇതില്‍ പ്രധാനമാണ്. വര്‍ക്ക്ഔട്ട് ലക്ഷ്യങ്ങള്‍ നേടുന്നതിന് നിങ്ങള്‍ ഈ കാര്യങ്ങള്‍  കൂടി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

 വ്യായാമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക.

ഇതിനര്‍ത്ഥം നിങ്ങള്‍ ഒരു പ്രത്യേക ദിവസം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യായാമത്തിന്റെ പ്രതിവാര ഷെഡ്യൂള്‍ ഉണ്ടാക്കണം എന്നാണ്. നിങ്ങള്‍ ഈ ഷെഡ്യൂളില്‍ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ ദിവസവും കാര്‍ഡിയോ, കൈകള്‍ അല്ലെങ്കില്‍ ആബ്‌സിനുള്ള വര്‍ക്കൗട്ടുകള്‍ എന്നിവയില്‍ ഒതുങ്ങി നില്‍ക്കരുത്. വര്‍ക്കൗട്ടില്‍ നിങ്ങള്‍ ഏതെങ്കിലും ശരീരഭാഗത്തെ അവഗണിക്കുന്നത് നിങ്ങള്‍ ആഗ്രഹിക്കുന്ന ആകാര വടിവ് നേടുന്നതില്‍ തടസമാകും
.
ഉപദേശം ചോദിക്കാന്‍ മടിക്കരുത്

നിങ്ങള്‍ എത്ര പരിചയസമ്പന്നനാണെങ്കിലും, നിങ്ങള്‍ക്ക് എല്ലാം അറിയാമെന്ന് കരുതരുത് . ഇനിയും പഠിക്കാന്‍ ധാരാളം ഉണ്ട്. സ്വയം പരുക്കുകള്‍ വരുത്തിവെക്കാന്‍ ഇടയാക്കാതെ ട്രെയിനറോടോ അല്ലങ്കില്‍ ഈ മേഖലയിലെ വിദഗ്ധരോട് സംശയ നിവാരണം വരുത്തി വര്‍ക്കൗട്ടുകള്‍ തുടരുക.

നല്ല ഫലത്തിനായി ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

നിങ്ങളുടെ പതിവായി ജിമ്മില്‍ എത്തി വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് ലക്ഷ്യത്തിലേക്കുള്ള പകുതി ദൂരമെ ആകുന്നുള്ളു. നല്ല ഫലങ്ങള്‍ കാണുന്നതിന് നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. ദിവസവും രണ്ട് മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്ത് കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിങ്ങള്‍ ആഗ്രഹിച്ച ലക്ഷ്യത്തിലെത്തില്ല. ഇതിന് ശ്രദ്ധയും സമര്‍പ്പണവും കൂടി വേണം.

ജിമ്മില്‍ മറ്റ് കാര്യങ്ങള്‍ക്ക് സമയം ചിലവഴിക്കുന്നത് പരിമിതപ്പെടുത്തുക

ജിമ്മിലെ മറ്റ് അംഗങ്ങളുമായി കുശലാന്വേഷണം നടത്തുന്നതിലും മറ്റ് കാര്യങ്ങള്‍ സംസാരിക്കുന്നതിലും പലരും ഏറെ സമയം ചെലവഴിക്കാറുണ്ട്. ഇത് വര്‍ക്കൗട്ടിനെ പിറകോട്ടടിപ്പിക്കും. ജിം സോഷ്യലൈസ് ചെയ്യാനുള്ള സ്ഥലമല്ല . നിങ്ങളുടെ നിരന്തരമായ സംസാരം യഥാര്‍ത്ഥത്തില്‍ മറ്റ് അംഗങ്ങളെ ശല്യപ്പെടുത്തിയേക്കാം

 

Trending

Exit mobile version