Fitness Tips

അകത്തോ അതോ പുറത്തോ…; വര്‍ക്ക്ഔട്ടുകള്‍ ചെയ്യേണ്ടതെവിടെ?

Published

on

വ്യായാമത്തിനിറങ്ങുന്നവരില്‍ രണ്ട് വിഭാഗക്കാര്‍

ഫിറ്റ്നസ് വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നവരില്‍ പ്രധാനമായും രണ്ട് വിഭാഗക്കാരുണ്ട്. ഒന്ന് , കുറഞ്ഞ കാലത്തേക്ക് ഫലം ലക്ഷ്യമിട്ട് വ്യായാമങ്ങള്‍ക്ക് ഇറങ്ങുന്നവര്‍. ഭാരം വര്‍ധിക്കുന്നതോ, അമിത വണ്ണമോ ഒക്കെയായിരിക്കും ഇവരെ പെട്ടെന്ന് വ്യായാമ ചിന്തയിലേക്ക് എത്തിക്കുന്നത്. ഇവര്‍ മനസ്സില്‍ കണ്ട ഫലം കിട്ടി എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ, എത്ര യാദൃച്ഛികമായാണോ തുടങ്ങിയത്, അത്രയും യാദൃച്ഛികമായി തന്നെ നിര്‍ത്തിക്കളയുകയും ചെയ്യും. അതുമല്ലെങ്കില്‍ കുറഞ്ഞ കാലയളവില്‍ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല എന്ന തോന്നല്‍ വന്നാലും ഇത്തരക്കാര്‍ വര്‍ക്ക്ഔട്ടുകള്‍ അവസാനിപ്പിക്കും.

രണ്ടാമത്തെ കൂട്ടര്‍ സ്ഥിരമായി ഫിറ്റ്നസ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചിട്ടയായി വര്‍ക്ക്ഔട്ടിന് എത്തുന്നവരാണ്. പെട്ടെന്നുള്ള ചെറിയ ലക്ഷ്യങ്ങളെക്കാള്‍ ഫിറ്റായിരിക്കുക, ആരോഗ്യത്തോടെ ഇരിക്കുക എന്ന ആത്മാര്‍ഥമായ ആഗ്രഹം തന്നെയാണ് ഇവരെ സ്ഥിരമായ വര്‍ക്ക്ഔട്ടിന് പ്രേരിപ്പിക്കുന്നത്. ഈ രണ്ട് വിഭാഗക്കാരും എല്ലാ തരത്തിലും വ്യത്യസ്തരായിരിക്കുമ്പോള്‍ തന്നെ രണ്ടുപേര്‍ക്കും ഒരു പോലെ ഉണ്ടാവുന്ന ഒരു സംശയം ഉണ്ട്, ഔട്ട് ഡോര്‍ വര്‍ക്ക്ഔട്ട് ആണോ ഇന്‍ഡോര്‍ വര്‍ക്ക്ഔട്ട് ആണോ നല്ലത് എന്ന്.ഒറ്റ വാക്കിലൊരു ഉത്തരം ഇതിന് നല്‍കാനുള്ളത്, വര്‍ക്ക് ഔട്ടുകളില്‍ നല്ലതും ചീത്തയും ഇല്ല എന്നുള്ളതാണ്. എന്ന് മാത്രമല്ല രണ്ടിനും അതിന്റേതായ ഗുണങ്ങളും ഉണ്ട്. എങ്ങനെയെന്ന് നോക്കാം.

ഔട്ട്ഡോര്‍ വര്‍ക്കൗട്ടുകള്‍ മടുപ്പിക്കില്ല

ഔട്ട് ഡോര്‍ വര്‍ക്ക്ഔട്ടുകള്‍ മടുപ്പിക്കില്ല എന്നതാണ് പ്രധാന പ്രത്യേകത. ഔട്ട് ഡോര്‍ വര്‍ക്ക് ഔട്ടുകള്‍ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും കൂടുതല്‍ ഉന്മേഷം പകരുന്നതായി തോന്നും. സൂര്യ പ്രകാശമേറ്റുള്ള വര്‍ക്ക്ഔട്ടുകള്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെ ഉത്പാദിപ്പിക്കും. ഇതില്‍ പ്രധാനമാണ് വൈറ്റമിന്‍ ഡിയുടെ ആഗിരണം. എല്ലുകള്‍ക്ക് ബലം വര്‍ധിക്കാന്‍ വൈറ്റമിന്‍ ഡിയുടെ ആഗിരണം ആവശ്യമാണ്. ഔട്ട് ഡോര്‍വര്‍ക്ക് ഔട്ടുകള്‍ പ്രകൃതി സൗന്ദര്യമുള്ള ഇടങ്ങളിലൂടെ ആവുന്നത് മനസ്സിനെ തണുപ്പിക്കുന്നതിനൊപ്പം കടൂത്ത ചൂട് പോലുള്ളവയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

ഇന്‍ഡോര്‍ വര്‍ക്കൗട്ടുകള്‍ ശരീരത്തിന്റെ ആവശ്യതക്കനുസരിച്ച് ക്രമീകരിക്കാം

ഇന്‍ഡോര്‍ വര്‍ക്ക് ഔട്ടുകള്‍ എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിവരുന്നത് യോഗയും ജിം വര്‍ക്ക് ഔട്ടുകളും തന്നെയായിരിക്കും. അത് തന്നെയാണ് അതിന്റെ പ്രധാന സവിശേഷതയും. ഗ്രൂപ്പായി ഒരു ഇന്‍സ്ട്രക്ടറുടെ കീഴില്‍ ഇത്തരം വര്‍ക്ക്ഔട്ടുകള്‍ നടത്താന്‍ സാധിക്കും. ജിമ്മുകള്‍ ആയാലും സ്വന്തം സൗകര്യം ആയാലും നിരവധി മെഷീനുകള്‍ ഉപയോഗിച്ച് മാറിമാറി ഇന്‍ഡോര്‍ വര്‍ക്ക് ഔട്ടുകള്‍ ചെയ്യാം. പേഴ്സണല്‍ ട്രെയ്നറുടെ സഹായം ഉണ്ടെങ്കില്‍ സ്വന്തം ശരീരത്തിന്റെ ആവശ്യകത അനുസരിച്ച് വര്‍ക്ക് ഔട്ട് പ്ലാനുകള്‍ ക്രമീകരിക്കാം. ഇതും സൗകര്യപ്രദമാകുന്നത് ഇന്‍ഡോര്‍ വര്‍ക്ക്ഔട്ടുകളിലാണ്. ചെറിയ ചില എക്സര്‍സൈസുകളും സ്വന്തമായി ചെയ്യാനും ഇന്‍ഡോര്‍ തന്നെയാണ് സൗകര്യം. ഔട്ട് ഡോര്‍ വര്‍ക്ക് ഔട്ടുകളെ അപേക്ഷിച്ച് ഇന്‍ഡോര്‍ വര്‍ക്ക് ഔട്ടുകളില്‍ മലിനീകരണം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ സാധിക്കും.

 

Trending

Exit mobile version