Fitness Tips

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തടി കുറയുന്നില്ലെ? കാരണങ്ങള്‍ ഇവയാകാം

Published

on

ശരീരഭാരം കുറയ്ക്കുന്നതിനായി ആസൂത്രിതമായ എല്ലാ രീതികളും പ്രയോഗിച്ച് നോക്കിയിട്ടും ഫലം കാണുന്നില്ലെങ്കില്‍ നിരാശയായിരിക്കും ഫലം. ഭക്ഷണക്രമം, പതിവ് വ്യായാമ ദിനചര്യ, തുടങ്ങി എല്ലാം ചെയ്തതിന് ശേഷം വെയിങ് മെഷീനില്‍ കയറി ഭാരം നോക്കുമ്പോഴാണ് പരിശ്രമങ്ങള്‍ പാഴായല്ലോ എന്ന് നമ്മളില്‍ പലരും തിരിച്ചറിയുന്നത്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ പലരിലും വ്യത്യസ്തമാകും .ശരീരഭാരം കുറയ്ക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമല്ല, എന്നാല്‍ ആ ദിശയില്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും എന്തോ കുഴപ്പമുണ്ട്. ശരീരഭാരം കുറയാന്‍ തടസ്സമാകുന്ന ഏറ്റവും സാധ്യതയുള്ളതും സാധാരണയായി കണ്ടെത്തിയതുമായ ചില കാരണങ്ങളാണ് ഇനി പറയുന്നത്.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീനുകള്‍ ശരീരത്തിന് അത്യന്താപേക്ഷിതമാണ്, കാരണം അവ ശരീരത്തിലെ പേശികളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും അത്യാവശ്യമാണ് എന്നതിന് പുറമെ ശരീരത്തിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ബില്‍ഡിംഗ് ബ്ലോക്കുകളാണ്. ഇതിനുപുറമെ, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറക്കും. ഇതു വഴി അമിത ഭക്ഷണം ഉള്ളിലെത്തുന്നത് തടയും. പ്രോട്ടീനുകള്‍ മസിലുകള്‍ നിര്‍മ്മിക്കുകയും ശരീരത്തിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യും. പ്രോട്ടീന്റെ ഈ ഗുണങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ശരീരഭാരത്തെ ആശ്രയിച്ച്, ഓരോ വ്യക്തിയും കഴിക്കുന്ന പ്രോട്ടീന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും.

ദീര്‍ഘ നേരത്തെ ഇരുത്തം

നിങ്ങള്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ ,വിയര്‍ക്കുന്ന ഏതെങ്കിലും തരത്തിലുള്ള ജോലിയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തിയിലും ഏര്‍പ്പെട്ടാലും ദിവസത്തിന്റെ ഒരു പ്രധാന ഭാഗവും ഇരിക്കുന്നത് ഉള്‍പ്പെടുന്ന ഒരു ഉദാസീനമായ ജീവിതശൈലിയാണ് നിങ്ങള്‍ പിന്തുടരുന്നതെങ്കില്‍ അത് ശരീര ഭാരം കുറയാന്‍ ഒട്ടും സഹായിക്കില്ല. കൊഴുപ്പുകള്‍ എരിച്ചു കളയുന്നതില്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ലിപേസ് എന്ന എന്‍സൈം സുപ്രധാന പങ്കാണ്് വഹിക്കുന്നത്. മണിക്കൂറുകളോളം ഇരിക്കുന്നത് ശരീരത്തില്‍ ലിപേസിന്റെ ശരിയായ രൂപവത്കരണത്തെ തടയുന്നതിന് പ്രധാന കാരണമാകുന്നു. നിങ്ങളുടെ ലിപേസ് ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ദീര്‍ഘനേര ഇരുത്തങ്ങള്‍ക്കിടയില്‍ രണ്ടോ മൂന്നോ മിനിറ്റ് നടക്കുന്നത് പരിഗണിക്കുക

വര്‍ക്കൗട്ടുകളും ഭക്ഷണവും

വര്‍ക്കൗട്ടുകള്‍ക്കോ കഠിന ജോലികള്‍ക്കോ ശേഷം കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം സാധാരണമാണ്. ശരീരം കൂടുതല്‍ പ്രയത്‌നിച്ചാല്‍ കൂടതല്‍ ഭക്ഷണം കഴിക്കാം എന്നാണ് പലരും കരുതി വരുന്നത്. ഇത്തരത്തില്‍ ധാരാളം ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തില്‍ കൂടുതല്‍ വെള്ളം നിലനിര്‍ത്തപ്പെടുകയും( water  retention) ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും.

മാനസിക സമ്മര്‍ദം

മാനസിക സമ്മര്‍ദമുണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഭാരനിയന്ത്രണത്തില്‍ ഒരു വില്ലനാണ്. ഈ ഹോര്‍മോണ്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നതിലൂടെ മിക്ക ആളുകളും സാധാരണയായി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു. കോര്‍ട്ടിസോള്‍ വിശപ്പ് ഉത്തേജിപ്പിക്കുകയും ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന ജീവിത ശൈലിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ ഹോര്‍മോണിന്റെ ആസക്തിക്ക് വഴങ്ങാതിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. കാരണം കോര്‍ട്ടിസോള്‍ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും

നിര്‍ജ്ജലീകരണം

നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ? കുടിവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നമുക്കെല്ലാവര്‍ക്കും നന്നായി അറിയാമെങ്കിലും, ആളുകള്‍ അവരുടെ ഡയറ്റില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം വെള്ളം ആവശ്യത്തിന് കുടിക്കാത്തതാണ്. നിര്‍ജ്ജലീകരണം വൃക്കകളുടെയും കരളിന്റേയും ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. കൊഴുപ്പ് ദഹിപ്പിക്കുക എന്ന കാര്യമാണ് കരള്‍ പ്രധാനമായും ചെയ്യുന്നത്. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്താതെ വന്നാല്‍ ഈ പ്രവര്‍ത്തനത്തിനൊപ്പം മറ്റ് പ്രവര്‍ത്തികളും കരളിന് ഏറ്റെടുക്കേണ്ടതായി വരും. ഇത് കൊഴുപ്പുകള്‍ എരിച്ചു കളയുന്നതിന് തടസമാവുകയും ശരീര ഭാരം കുറയാതെ വരികയും ചെയ്യും. നിങ്ങള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും നിങ്ങളുടെ ഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.

Trending

Exit mobile version