വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവര്ക്കും അറിയാം, എന്നാല്‍ വ്യായാമം ചെയ്യന്ന സമയവും നിര്‍ണായകമാണെന്ന് പലര്‍ക്കും അറിയില്ല. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളില്‍ ചെയ്യുന്ന വ്യായാമം മനുഷ്യശരീരത്തില്‍ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്. വ്യായാമത്തിന്റെ ഫലം അത് ചെയ്യാന്‍ തിരഞ്ഞെടുത്ത സമയത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പുതിയ പഠനത്തില്‍ പറയുന്നു. വ്യത്യസ്ത സമയങ്ങളിലെ വ്യായാമം വ്യത്യസ്തമായ ഫലങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഈ പഠനത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും ഇതിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ഇക്കാര്യം മനസ്സിലാക്കുന്നതിനായി ഒരു സംഘം ശാസ്ത്രജ്ഞര്‍ ദിവസത്തില്‍ വിവിധ സമയങ്ങളില്‍ ചെയ്യുന്ന വ്യായാമത്തിന്റെ ഫലങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തി. വ്യത്യസ്ത സമയങ്ങളില്‍ ചെയ്യുന്ന വ്യായാമത്തിന്റെ ഫലമായി ശരീരഭാഗങ്ങള്‍ ഒരു പ്രത്യേക തരം ,ആരോഗ്യകരമായ തന്മാത്രകള് ഉത്പാദിപ്പിക്കുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ആരോഗ്യകരമായ തന്മാത്രയുടെ ഉത്പാദനം വ്യായാമത്തിന്റെ സമയത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം.
ആരോഗ്യം, ഉറക്കം, ഓര്‍മ്മശക്തി, വ്യായാമം ചെയ്യാനുള്ള ശേഷി എന്നിവയെ ഈ തന്മാത്രാ സിഗ്നലുകള്‍ സ്വാധീനിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ സെല്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ജൂലിന്‍ ആര് സിയറത്തും കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ നോവോ നോര്‍ഡിസ്ക് ഫൗണ്ടേഷന് സെന്റര്‍ ഫോര്‍ ബേസിക് മെറ്റബോളിക് റിസര്‍ച്ചുമാണ് വ്യായാമ സമയം വ്യത്യസ്ത ഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്.
പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും മറ്റുള്ളവര്‍ക്കും സഹായകരമാണ് ഈ കണ്ടെത്തലുകളെന്ന് ശാസ്ത്രലോകം പറയുന്നു. മിക്കവാറും എല്ലാ കോശങ്ങളും ഏകദേശം 24 മണിക്കൂറിനുള്ളില്‍ അവയുടെ ജൈവ പ്രക്രിയയെ നിയന്ത്രിക്കുമെന്നും ഇതിനെ സര്‍ക്കാഡിയന്‍ റിഥം എന്ന് പറയുമെന്നും പ്രോഫസര്‍ ജൂലിന്‍ ആര് സിയറത്ത് വ്യക്തമാക്കി.
ഇതിനര്‍ത്ഥം വ്യത്യസ്തമായ വ്യായാമ സമയങ്ങളില്‍ കോശങ്ങളുടെ സംവേദനക്ഷമത വ്യത്യസ്തമാണ് എന്നതാണ്. ഗവേഷകരുടെ സംഘം ഇതേ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി എലികളില്‍ പഠനം നടത്തി.
വിവിധ കോശങ്ങളില്‍ സമയവും വ്യായാമവും അടിസ്ഥാനമാക്കിയുള്ള ചയാപചയ പ്രവര്‍ത്തനത്തിന്റെ സ്വാധീനം സംബന്ധിച്ച ആദ്യത്തെ സമഗ്രമായ പഠനമാണിത്. എലികളില്‍ നടത്തിയിട്ടുള്ളതിനാല്‍ ഈ പഠനത്തിന് ചില പരിമിതികളുണ്ട്. എന്നിരുന്നാലും ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് നിലവിലെ പഠനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍