Fitness Tips

മണിക്കൂറുകളോളം വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ?; നിങ്ങള്‍ ഈ അഞ്ച് തെറ്റുകള്‍ ചെയ്യുന്നുണ്ടാകാം

Published

on

വസ്ത്രത്തെ ഭേദിച്ച് കുടവയര്‍ പുറത്തു കടക്കാന്‍ ശ്രമം തുടങ്ങുമ്പോഴാണ് നമ്മളില്‍ പലരും ശരീര ഭാരത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. ജീവിത ശൈലീ രോഗമോ കൂട്ടുകാരുടേയും നാട്ടുകാരുടേയും പരിഹാസമോ ആകും മറ്റ് പലരേയും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിപ്പിക്കുക.
പിന്തുടരുന്ന മോശം ജീവിതശൈലിയും ഏതെങ്കിലും തരത്തിലുള്ള വ്യായാമക്കുറവും കാരണമാണ്‌ ആളുകളുടെ തടി കൂടുകയും വയറ് തൂങ്ങുന്നതിനുമൊക്കെയുള്ള ഒരു പ്രധാന കാരണം. ഇവരില്‍ പലരും ശരീരഭാരം കുറയ്ക്കാനായി ജിമ്മില്‍ പോയി മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നുണ്ട് ,എന്നിട്ടും അവരുടെ ശരീര ഭാരം കുറയാത്തത് എന്തു കൊണ്ടായിരിക്കും?. പലരേയും അലട്ടുന്ന പ്രശ്‌നമാണിത്. എന്നാല്‍ അവര്‍ പിന്തുടരുന്ന ചില തെറ്റായ രീതികള്‍ മാറ്റിയാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കും. സാധാരണയായി പലരും പിന്തുടരുന്ന ചില തെറ്റായ രീതികളാണ് ഇവിടെ പറയുന്നത്.

ഭാരം കുറക്കാന്‍ പട്ടിണി കിടക്കുന്നവര്‍

ശരീരഭാരം കുറയ്ക്കാന്‍ പലരും ദീര്‍ഘ നേരം ഭക്ഷണം കഴിക്കാതിരിക്കാറുണ്ട്. പട്ടിണി കിടന്ന് ഭാരം കുറക്കാനുള്ള ശ്രമത്തിലാണിവര്‍. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ യഥാര്‍ഥത്തില്‍ അവരുടെ തടി കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്. കൂടുതല്‍ നേരം ഒന്നും കഴിക്കാതെയിരിക്കുമ്പോള്‍ നമ്മുടെ വിശപ്പ് ആളിക്കത്തുകയും പിന്നീട് കഴിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ കൂടുതല്‍ കഴിക്കുകയും ചെയ്യും. ഇതിലൂടെ ശരീരഭാരം വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ട് മണിക്കൂറുകളോളം പട്ടിണി കിടക്കുന്നതിന് പകരം ഇടയ്ക്കിടയ്ക്ക് ചെറിയ അളവില്‍ എന്തെങ്കിലും കഴിക്കുന്നതാണ് നല്ലത്.

മണിക്കൂറുകളോളം ഒരേ ഇരുപ്പ്

ദീര്‍ഘ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവരാണ് നമ്മളില്‍ പലരും . പലര്‍ക്കും ഇത് ദിനചര്യയായി മാറിയിരിക്കുകയാണ്. ഇങ്ങനെ ദീര്‍ഘനേരം ഇരിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനുള്ള കഴിവ് ക്രമേണ കുറയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ സമയം ആളുകള്‍ അറിയാതെ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങും. ഈ സാഹചര്യം ഒഴിവാക്കാന്‍ ജോലിക്കിടയില്‍ ഇടയ്ക്കിടയ്ക്ക് സീറ്റില്‍ നിന്നും എണീറ്റ് ഒന്ന് നടക്കുന്നത് ഗുണകരമാണ്. ദീര്‍ഘ നേരം ഇരുന്ന് ജോലി ചെയ്താല്‍ നമ്മുടെ ശരീരം ലിപേസ് എന്ന എന്‍സൈമുകളെ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തും, ഇവ ദഹനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവയാണ്. ഇതുമൂലം ശരീരഭാരം കൂടും.

മതിയായ ഉറക്കമില്ലാത്തത്

ആരോഗ്യം നിലനിര്‍ത്താന്‍ ഒരാള്‍ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രണത്തിലാകുന്നതോടൊപ്പം ശരീരം നല്ല ഫിറ്റും ആയിരിക്കും. നിങ്ങള്‍ ദിവസത്തില്‍ 5 മണിക്കൂറില്‍ താഴെയും 9 മണിക്കൂറില്‍ കൂടുതലും ഉറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ അനാവശ്യമായ കൊഴുപ്പ് അടിഞ്ഞു കൂടും. ഇത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ഇതിലൂടെ നിങ്ങളുടെ ശരീര ഭാരം വര്‍ദ്ധിക്കുകായും ചെയ്യും.

മദ്യവും പുകയിലയും

പുകവലി ശീലം ഉപേക്ഷിക്കാത്ത ഒരാള്‍ ദീരഘനേരം വര്‍ക്കൗട്ട് ചെയ്താലും ശരീരഭാരം ഒരിക്കലും കുറയില്ല. സിഗരറ്റിലെ നിക്കോട്ടിന്‍ എന്ന മൂലകം ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നത് കൊണ്ടാണിത്. മാത്രമല്ല നിങ്ങള്‍ പ്രതിദിനം മൂന്നോ അതിലധികമോ പെഗ് മദ്യം കഴിച്ചാലും നിങ്ങള്‍ക്ക് നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കാന്‍ കഴിയില്ല.

തെറ്റായ ഭക്ഷണക്രമം

നല്ല ആരോഗ്യത്തിന് ശരിയായ ഭക്ഷണ രീതി പിന്തുടരേണ്ടത് അനിവാര്യമാണ്. ശരീരഭാരം കുറയ്ക്കുന്നതില്‍ ഭക്ഷണക്രമം 70 ശതമാനവും വ്യായാമം 30 ശതമാനവുമാണ് പങ്കുവഹിക്കുന്നതെന്ന് നമ്മള്‍ എപ്പോഴും ഓര്‍ത്തിരിക്കണം. അത്തരമൊരു സാഹചര്യത്തില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. ശരീരഭാരം കുറയ്ക്കുക എന്നതിനര്‍ത്ഥം പട്ടിണി കിടക്കുക എന്നല്ല ,മറിച്ച് നിശ്ചിത അളവില്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ്.

 

Trending

Exit mobile version