Diet & Nutrition

ശരീര ഭാരം കൂട്ടാനോ കുറക്കാനോ ആണെങ്കിലും ഈ ശീലം സുപ്രധാനമെന്ന് പോഷകാഹാര വിദഗ്ധ

Published

on

ഭൂരിഭാഗം പേരും അവരുടെ ഫിറ്റ്നസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏറെ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അത്തരം ഒരു ലക്ഷ്യം കൈവരിക്കാന്‍ ഒരാള്‍ അവരുടെ പരിശ്രമങ്ങളില്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പോഷകാഹാര വിദഗ്ധയായ നാന്‍സി ദെഹ്റ പറയുന്നത് ഇതാണ്- ‘നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനോ ശരീരഭാരം കൂട്ടാനോ ആഗ്രഹിക്കുകയോ അതുമല്ലെങ്കില്‍ ആരോഗ്യ നില മെച്ചപ്പെടുത്താനോ ശ്രമിക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു ശീലം സൃഷ്ടിക്കേണ്ടതുണ്ട്, സ്ഥിരതയെന്ന ഒരു ശീലം.

ഇത് വളരെ ലളിതമാണ്. ഒരു തവണ നിങ്ങള്‍ കഴിക്കുന്ന നല്ല ഭക്ഷണം നിങ്ങളെ ഫിറ്റാക്കില്ലെന്നതു പോലെ ഒരു തവണ നിങ്ങള്‍ എടുക്കുന്ന തെറ്റായ ഭക്ഷണം നിങ്ങളില്‍ പൊണ്ണത്തടി വരുത്തുകയുമില്ല. നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വര്‍ക്ക്ഔട്ട് മാത്രം മതിയാകുകയുമില്ല. എന്നാല്‍ നിങ്ങള്‍ക്ക് ശരിയായ ഫലം ലഭിക്കുന്നത് നിങ്ങളുടെ ശരിയായ ഭക്ഷണ ക്രമത്തില്‍(Diet) നിന്നുമാണ്- നാന്‍സി ദെഹ്‌റ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു

ഫിറ്റ്‌നസ് ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന എളുപ്പമുള്ള കുറച്ച് കാര്യങ്ങളുടെ പട്ടികയും പോസ്റ്റില്‍ നാന്‍സി ദെഹ്റ പങ്കുവെച്ചിട്ടുണ്ട് . അവ ഇവയാണ്:

*നിങ്ങള്‍ ഒരു ദിവസത്തിനായുള്ള തയ്യാറെടുപ്പിനായി 15 മിനിറ്റ് നേരത്തെ എഴുന്നേല്‍ക്കുക.

*എല്ലാ ഭക്ഷണത്തിലും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക

*ധാരാളം വെള്ളം കുടിക്കുക. നിങ്ങളുടെ വെള്ളക്കുപ്പി നിങ്ങളുടെ മുന്നില്‍ തന്നെ വെക്കുക. അത് സൈഡ് ടേബിള്‍, വര്‍ക്ക് ടേബിള്‍, ബാഗ് എവിടേയും ആകാം. അല്ലെങ്കില്‍ ഇടക്കിടെ വെള്ളം കുടി ഓര്‍മിപ്പിക്കാന്‍ ഫോണില്‍ ഒരു റിമൈന്‍ഡര്‍ സജ്ജീകരിക്കുകയുമാകാം.

*സമീകൃതമായ ആഹാരം കഴിക്കുക

* സംസ്‌കരിച്ച(processed) ഭക്ഷണം കുറച്ച് മാത്രം ഉപയോഗിക്കുക – നിങ്ങളുടെ ഭക്ഷണത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രോസസ് ചെയ്ത വിഭവങ്ങള്‍ ഉണ്ടാകരുത്

*പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്ന ശരീരം ലഭിക്കുന്നതിന് പ്രോട്ടീന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ അവയവങ്ങളെയും ആരോഗ്യകരമാക്കുന്നു.

*വ്യായാമം ചെയ്യുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് വ്യായാമവും ചെയ്യാം. അതിന് നിങ്ങള്‍ വീടിന് പുറത്ത് പോകേണ്ടതില്ല. ഒരു ദിവസം അതിനായി 15 മിനിറ്റ് മാത്രമെങ്കിലും മാറ്റിവെക്കുക. ലളിതമായ സ്‌ട്രെച്ചിംഗ്, യോഗ, നൃത്തം ഇവയിലേതെങ്കിലും ഈ സമയത്ത് ചെയ്യാന്‍ ശ്രമിക്കണമെന്നും നാന്‍സി ദെഹ്‌റ കുറിപ്പില്‍ പറയുന്നു

 

Trending

Exit mobile version