വിവാഹത്തോടനുബന്ധിച്ചുള്ള പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ ഇന്ന് പതിവാണ്. ഇത്തരം വീഡിയോകളില്‍ പലതും ഏറെ വൈറലാകാറുണ്ട്. എന്നാല്‍ ചിലതെങ്കിലും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതായി വിമര്‍ശനവും ഉയരാറുണ്ട്. ഇതിന് വിപരീതമായി വ്യത്യസ്തമായ ഒരു പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഫിറ്റന്‌സ് ഫ്രീക്കായ ഒരു ഇന്ത്യന്‍ വധുവിന്റെ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്. വധു ഫിറ്റ്‌നസ്് ഫ്രീക്കാകുമ്പോള്‍ ഫോട്ടോ ഷൂട്ട് ജിമ്മില്‍ വെച്ച് ആകണമല്ലോ.
പതിവ് വര്‍ക്കൗട്ട് വേഷത്തില്‍നിന്നും വിഭിന്നമായി കല്യാണ സാരിയും ആഭണങ്ങളും അണിഞ്ഞ് മുടിയില്‍ മുല്ലപ്പൂവും ചൂടിയാണ് വധു പ്രീ വെഡ്ഡിങ് ഷൂട്ടിനായി ജിമ്മിലെത്തിയിരിക്കുന്നത്. ഇരു കൈകളിലും ഡംബലുകളെടുത്തും കേബിള്‍ ക്രോസോവറില്‍ വെയ്‌റ്റെടുത്തും അനായാസം വര്‍ക്കൗട്ട് ചെയ്യുന്ന വധുവിനെയാണ് 27 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്.
വധുവിന്റെ ഓരോ ചലനങ്ങളും ഫോട്ടോഗ്രാഫര്‍ ഒപ്പിയെടുക്കുന്നുമുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായ റുപിന്‍ ശര്‍മയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. നിരവധി പേരാണ് വധുവിനെ അഭിനന്ദിച്ച് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. ഇതിനകം പത്തൊന്‍പതിനായിരത്തോളം പേര്‍ കണ്ട ഈ വീഡിയോ 80തവണ റിട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.