ഫിറ്റ്‌നസ് നിലനിര്‍ത്താനായി പലരും പല വിധത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ പല വ്യായാമങ്ങളും ആളുകള്‍ അത്ര ഇഷ്ടത്തോടുകൂടിയല്ല ചെയ്യുക. എന്നാല്‍ റോപ്പ് സ്‌കിപ്പിംഗ് വ്യായാമം നിങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നതിനൊപ്പം ഫിറ്റ്നസും ആരോഗ്യ ലക്ഷ്യങ്ങളും കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ എവിടെയായിരുന്നാലും ,നിങ്ങള്‍ക്ക് എത്ര കുറഞ്ഞ സമയവും സ്ഥലവുമുണ്ടെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒരു വ്യായാമമാണ് സ്‌കിപ്പിംഗ്. സ്‌കിപ്പിംഗ് ഒരു മികച്ച കാര്‍ഡിയോവാസ്‌കുലര്‍ എക്‌സൈസ് ആണെന്നതിന് പുറമെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. അവയെന്തൊക്കെയെന്ന് പരിശോധിക്കാം.
1. കുറഞ്ഞ ചിലവ്
ഒരു സ്‌കിപ്പിംഗ് റോപ്പ് വാങ്ങുന്നത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കില്ല. നിങ്ങളുടെ ഉച്ചഭക്ഷണത്തിന്റെ വിലയ്ക്ക് ഒരു റോപ്പ് നിങ്ങള്‍ക്ക് വാങ്ങാനാകും
2. ഫുള്‍ ബോഡി വര്‍ക്കൗട്ട്
നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനേക്കാളും മസിലുകളെ ഉത്തേജിപ്പിക്കുന്ന ഒരു മികച്ച ഫുള്‍ ബോഡി വര്‍ക്കൗട്ടാണ് സ്‌കിപ്പിംഗ് . ക്വാഡ്‌സ്, ഹാംസ്ട്രിംഗ്‌സ്, ഗ്ലൂട്ടുകള്‍, ആബ്‌സ്, തോളുകള്‍, കൈകള്‍ തുടങ്ങിയവക്കെല്ലാം ഇതിലൂടെ ആവശ്യമായ വ്യയാമം ലഭിക്കുന്നു
3. ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് മികച്ച വ്യായാമമാണ് സ്‌കിപ്പിംഗ്. സ്‌കിപ്പിംഗ് തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, തന്നെ പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാരോഗ്യത്തില്‍ ഗുണപരമായ സ്വാധീനം ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 30 മിനിറ്റ് ദിവസേനയുള്ള ജോഗിംഗും 10 മിനിറ്റ് സ്‌കിപ്പിംഗും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പഠനത്തില്‍ ഈ രണ്ട് തരത്തിലുള്ള വ്യായാമങ്ങളും ഒരേ തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാക്കിയെന്ന് കണ്ടെത്തുകയുണ്ടായി.
4. അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
സ്‌കിപ്പിംഗ് സ്ത്രീകളിലും പുരുഷന്മാരിലും മിനിറ്റില്‍ 25-30 കിലോ കലോറി വരെ എരിച്ചുകളയുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്‌കിപ്പിംഗ് നിങ്ങള്‍ക്ക് മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും.
5. ചടുലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു
സ്‌കിപ്പിംഗ് റോപ്പുകള്‍ നമ്മെ കൂടുതല്‍ ചടുലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും . സ്‌പോര്‍ട്‌സ് പരിശീലനത്തില്‍ സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിക്കുന്നത് ഇത്തരം ലക്ഷ്യത്തോടെയാണ്.
6. ശരീര വഴക്കം വര്‍ദ്ധിപ്പിക്കും
നിങ്ങളുടെ ദിനചര്യയില്‍ സ്‌കിപ്പിംഗ് റോപ്പ് ഉള്‍പ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച കാരണങ്ങളിലൊന്ന് വൈവിധ്യമാര്‍ന്ന വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്നതാണ്. സ്‌കിപ്പിംഗ് റോപ്പ് പരിശീലനം ശരീരത്തെ കൂടുതല്‍ വഴക്കമുള്ളതാക്കുമെന്നതിനാലാണിത്.
7. നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ കഴിയും
വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ‘എന്‍ഡോര്‍ഫിന്‍സ്’ എന്ന സിഗ്‌നലിംഗ് തന്മാത്രകള്‍ (ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍) പുറത്തുവിടുന്നു. സ്‌കിപ്പിംഗ് ഇതിന് സഹായിക്കും.
8. മെച്ചപ്പെട്ട ഏകോപനം
ശരീരത്തിന്റെ ബാലന്‍സ്, മൊത്തത്തിലുള്ള ഏകോപനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ലളിതമായ വ്യായാമമാണ് സ്‌കിപ്പിംഗ് എന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട.്
9 . നിങ്ങളെ മിടുക്കരാക്കിയേക്കാം
നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ ഇടത്, വലത് ഹെമിസഫെറസിന്റെ വികാസത്തിന് സ്‌കിപ്പിംഗ് സഹായിക്കുന്നു. ഇതിലൂടെ വായനാ വൈദഗ്ദ്ധ്യം മെച്ചപ്പെടുകയും ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കുറച്ച് സമയം സ്‌കിപ്പിംഗ് ചെയ്യുന്നത് മസ്തിഷ്‌കത്തെ കൂടുതല്‍ ഉണര്‍ത്തുകയും അവ വൈജ്ഞാനിക പഠനത്തിന് പ്രയോജനകരമാവുകയും ചെയ്യും.