നമ്മള്‍ മലയാളികള്‍ ഭൂരിഭാഗവും ഒരു ദിവസം ആരംഭിക്കുന്നത് പ്രഭാതത്തിലെ ഒരു കപ്പ് ചായയിലൂടെയാണ് . മലയാളികള്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കുടിക്കുന്ന പാനീയം പച്ചവെള്ളം കഴിഞ്ഞാല്‍ പിന്നെ ചായയാണ്. എന്നാല്‍ ചായയിലെ പ്രധാന കൂട്ടുകളായ പഞ്ചസാരയിലും തേയിലയിലും വാഴുന്ന മായങ്ങളാണ് ചായ പ്രേമികളുടെ ഉറക്കം കെടുത്തുന്നത്. മായം കലര്‍ന്ന പഞ്ചസാരയും തേയിലയും ശരീരത്തിനുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ വലുതാണ്.
ഇത്തരത്തില്‍ പഞ്ചസാരയിലും തേയിലയിലും മായുമുണ്ടോ എന്ന് കണ്ടുപിടിക്കുന്നതായി പൊതുജനങ്ങള്‍ക്കായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ വളരെ ലളിതമായ പരിശോധനകളാണ് ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്. അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പഞ്ചസാരയില്‍ ചേര്‍ക്കുന്ന പ്രധാന മായങ്ങളിലൊന്ന് യൂറിയ ആണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇത് ശരീരത്തിനെ ദോഷകരമായി ബാധിക്കും. പഞ്ചസാരയില്‍ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള വിധം വീഡിയോ രൂപത്തിലാണ് എഫ്എസ്എസ്എഐ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
പഞ്ചസാരയിലെ മായം കണ്ടുപിടിക്കും വിധം ഇങ്ങനെയാണ്:
അതിനായി ഒരു ടീസ്പൂണ്‍ പഞ്ചസാര എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി അലിയിക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിനുശേഷം വെള്ളം മണത്തുനോക്കുക. ഗ്ലാസില്‍നിന്നും അമോണിയയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ യൂറിയ കലര്‍ത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കാം
ഇനി ചായപ്പൊടിയിലെ മായം കണ്ടെത്തുന്ന വിധം എഫ്എസ്എസ്എഐ പങ്കുവച്ചിരിക്കുന്നത് എങ്ങിനെയാണെന്ന് പരിശോധിക്കാം
അതിനായി നമുക്ക് പ്രധാനമായും ആവശ്യമുള്ളത് ലിറ്റ്മസ് പേപ്പറാണ്. ലിറ്റ്മസ് പേപ്പറില്‍ കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയത്തിന് ശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവിലെ നിറം പിടിച്ചിട്ടുണ്ടാകു. മായം കലര്‍ന്നതാണെങ്കില്‍ കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും.